തൃശൂർ: അവിചാരിതമായി കാമറയിൽ പതിഞ്ഞ ആ പേടിപ്പെടുത്തുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വൈറലായി പടരുമ്പോൾ ഷെയർ ചെയ്യുന്ന ഓരോരുത്തരും അടിക്കുറിപ്പായി പറയുന്നു - റോഡ് മുറിച്ചുകടക്കുമ്പോൾ സൂക്ഷിക്കുക.....
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ഇക്കഴിഞ്ഞ 14നാണ് ഈ അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മഞ്ഞപ്ര തെക്കിങ്കൽ വീട്ടിൽ പരേതനായ എ.വി.ചന്ദ്രന്റെ മകൾ ഇന്ദിരപുത്രി(18) തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്. അരയ്ക്കു കീഴോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഒരു പിറന്നാളാഘോഷത്തിനു പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തിൽ പെട്ടത്. തൊട്ടടുത്ത് നിർത്തിയ സ്വകാര്യബസിനു മുന്നിലൂടെ ശ്രദ്ധിക്കാതെ ദേശീയപാത മുറിച്ചുകടന്ന ഇന്ദിരപുത്രിയെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.പിക്കപ്പ് വാനിലുള്ളവർതന്നെ ഇന്ദിരപുത്രിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ധനസഹായവും നൽകിയെന്ന് സഹോദരൻ ഉത്തമൻ പറഞ്ഞു.
ഒരു നിമിഷത്തെ അശ്രദ്ധയാണ് ഈ അപകടത്തിനു കാരണമെന്നു ദൃശ്യങ്ങൾ കാണുമ്പോൾ മനസിലാകും. ആരുടേയും മനസ് പിടയ്ക്കുന്ന ദൃശ്യങ്ങൾ ""സൂക്ഷിക്കുക റോഡ് മുറിച്ചു കടക്കുന്പോൾ''എന്ന മുന്നറിയിപ്പോടെ ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത് ഈ ദുരവസ്ഥ ഇനിയാർക്കും വരരുത് എന്ന ചിന്തയോടെയാണ്.
സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടിലാണ് ഇവർ. പിതാവെടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞദിവസമാണ് ബാങ്കിൽനിന്നും ജപ്തിനോട്ടീസ് ലഭിച്ചത്. സുഖമില്ലാത്ത അമ്മയും സഹോദരൻ ഉത്തമനുമാണ് ഇന്ദിരപുത്രിക്കരികിലുള്ളത്. കൂട്ടുകാരും മറ്റുമാണ് ഇപ്പോൾ ഇവരെ സാമ്പത്തികമായി സഹായിക്കുന്നത്.
ഇരുപത്തിമൂന്നുകാരനായ ഉത്തമൻ സോമില്ലിൽ ജോലി ചെയ്യുന്നതിനിടെ കൈയിൽ വാൾ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന്റെ ചികിത്സയ്ക്ക് നല്ലൊരു തുകതന്നെ ചെലവായി. അതിനിടെയാണ് സഹോദരിക്ക് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. ആലത്തൂർ കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ് ഇന്ദിരപുത്രി.
കേരളത്തിന്റെ നിരത്തുകളിൽ ദിവസേന സംഭവിക്കുന്ന എത്രയോ അപകടങ്ങളിൽ ഒന്നുമാത്രമാണ് ഇന്ദിരപുത്രിയുടെ ദുരന്തം. ധൃതിപിടിച്ച് റോഡ് മുറിച്ചുകടക്കുമ്പോൾ ഒരു നിമിഷം ഈ അപകടദൃശ്യം ഓർക്കുക...സൂക്ഷിച്ച്, സൂക്ഷിച്ചുമാത്രം റോഡ് മുറിച്ചു കടക്കുക...
ഈ അപകടദൃശ്യങ്ങൾ വൈറലാണ്... സൂക്ഷിക്കുക എന്ന ഓർമപ്പെടുത്തലോടെ...
01:27 AM Jul 19, 2019 | Deepika.com