തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാനത്തു പ്രാബല്യത്തിലാകും. പദ്ധതി നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ധനവകുപ്പ് നേരിട്ടു നിയന്ത്രിക്കും.
ഓരോ കുടുംബത്തിനും വർഷം രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. 2992.48 രൂപ വാർഷിക പ്രീമിയമാണ് ഈടാക്കുന്നത്. അവയവം മാറ്റിവയ്ക്കലിനും മറ്റു ഗുരുതര രോഗങ്ങൾക്കും മൂന്നു വർഷത്തേക്ക് ആറു ലക്ഷം രൂപയുടെ അധിക സഹായവും ലഭിക്കും. ഈ രണ്ട് ആനുകൂല്യവും ചികിത്സയ്ക്കു തികയുന്നില്ലെങ്കിൽ മൂന്നു ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിക്കാനും വ്യവസ്ഥയുണ്ട്. അധിക ആനുകൂല്യത്തിനായി 25 കോടിയുടെ സഞ്ചിതനിധി നീക്കിവയ്ക്കും.
എന്നാൽ, ഔട്ട്പേഷ്യന്റ് ചികിത്സക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സമെന്റ് സഹായം ഇതിനു തുടരും. ചില പ്രത്യേക ചികിത്സകൾക്ക് 24 മണിക്കൂർ കിടത്തി ചികിത്സ വേണമെന്ന നിബന്ധനയില്ല. സർക്കാർ ആശുപത്രികളിലും സർക്കാരുമായി കരാറുണ്ടാക്കുന്ന സ്വകാര്യ ആശുപത്രികളിലും ഗുണഭോക്താക്കൾക്കു പണരഹിത ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് പദ്ധതി.
വാർഷിക പ്രീമിയം തുക പ്രതിമാസം 250 രൂപ വീതം ശമ്പളത്തിൽനിന്നു പിടിക്കും. ഇത് ജീവനക്കാരുടെ ശന്പളത്തിൽനിന്ന് ഈടാക്കും. പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്നാകും തുക ഈടാക്കുന്നത്.
ജീവനക്കാരെ കൂടാതെ, ഇവരുടെ പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, 25 വയസിൽ താഴെയുള്ളതും തൊഴിൽരഹിതരും അവിവാഹിതരുമായ മക്കൾ എന്നിവരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ. ശാരീരികവും മാനസികവുമായി ഭിന്നശേഷിക്കാരായ മക്കൾക്കു പ്രായപരിധിയില്ല. മരുന്ന്, ചികിത്സ, ഡോക്ടറുടേതടക്കമുള്ള ഫീസ്, റൂം ചാർജ്, പരിശോധനാ നിരക്ക് തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷക്ക് അർഹതയുണ്ട്.
പദ്ധതിയിൽ പങ്കാളികളല്ലാത്ത ആശുപത്രികളിലും അപകട ചികിത്സ നടത്താം. ഇത്തരം സാഹചര്യങ്ങളിൽ നിശ്ചിത പാക്കേജ് പ്രകാരമുള്ള തുക ആശുപത്രികൾക്ക് ഇൻഷുറൻസ് കന്പനി നൽകും.
സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്കൂൾ, കോളജ് എന്നിവയിലേതടക്കമുള്ള അധ്യാപകർ, അനധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന സർവകലാശാലകളിലെയും ജീവനക്കാർ, പാർട്ട് ടൈം ജീവനക്കാർ തുടങ്ങിയവരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.
സർക്കാർ ജീവനക്കാർക്ക് മെഡിസെപ് ഓഗസ്റ്റ് ഒന്നു മുതൽ
01:54 AM Jul 18, 2019 | Deepika.com