നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയാകുകയും പിന്നീട് അനാഥമന്ദിരത്തിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത കേസിലെ പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനിൽ കുമാർ ഭദ്രനെ (39) സൗദിയിലെ റിയാദിൽ നിന്ന് കേരള പോലീസ് അറസ്റ്റുചെയ്ത് നാട്ടിലെത്തിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിയാദിൽ എത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയുമായി ഇന്നലെ പുലർച്ചെ രണ്ടോടെയാണ് മെറിൻ ജോസഫും സംഘവും റിയാദിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് ഇവർ റോഡ് മാർഗം കൊല്ലത്തേക്കു പോയി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും പിന്നീട് സുനിൽ കുമാർ സൗദിയിലേക്ക് കടക്കുകയായിരുന്നു. ഒന്നര വർഷമായി ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതിരുന്നതിനെത്തുടർന്നാണ് സംസ്ഥാന പോലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തുവരുന്ന സുനിൽ കുമാർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്നു സുനിൽകുമാർ. സ്ഥിരം മദ്യപാനിയായിരുന്നു ഇളയച്ഛൻ. ഇത് മുതലാക്കിയാണ് പെൺകുട്ടിയുടെ വീടുമായി പ്രതി അടുപ്പമുണ്ടാക്കിയത്.
പെൺകുട്ടി പീഡനത്തിനിരയായ കാര്യം കൂട്ടുകാർ വഴി സ്കൂളിലെ അധ്യാപിക അറിയുകയും അവർ വിവരം ചൈൽഡ്ലൈനിൽ അറിയിക്കുകയുമായിരുന്നു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി വ്യക്തമായി. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് കൊല്ലത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചെങ്കിലും പിന്നീട് അവിടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയൊടൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു.
കേസന്വേഷണം തുടരുന്നതിനിടെയാണ് സുനിൽ കുമാർ റിയാദിലേക്ക് കടന്നത്. 2010 ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഒപ്പിടുന്നത്. അതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പോലീസ് ഓഫീസർ സൗദിയിലെത്തി കുറ്റവാളിയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കൊല്ലം ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ എം.അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശൻ എന്നിവരാണ് മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നത്. പിടിയിലായ പ്രതിയെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
പീഡനക്കേസ് പ്രതിയെ സൗദിയിൽനിന്ന് അറസ്റ്റുചെയ്ത് നാട്ടിലെത്തിച്ചു
01:32 AM Jul 18, 2019 | Deepika.com