തൃശൂർ: ”ഇതുപോലൊരു അവസരത്തിനു നന്ദി. എല്ലാവരാലും ഒഴിവാക്കപ്പെട്ട ഞങ്ങൾക്കു പുതിയൊരു തുടക്കമാണിത്. ആശ്വാസത്തിനൊപ്പം കലയ്ക്കുള്ള അംഗീകാരവും” - കേരള ലളിതകലാ അക്കാദമിയുടെ ‘ലയം’ ചിത്ര-ശില്പകലാ ക്യാമ്പിൽ പങ്കെടുക്കുന്ന മിഖ എന്ന ട്രാൻസ്ജെൻഡർ പറയുന്നു. മിഖയെപ്പോലെ ആറുപേർ ക്യാമ്പിലുണ്ട്.
അംഗപരിമിതർ ഒമ്പതുപേരും. പാർശ്വവത്കരിക്കപ്പെട്ടവർക്കുകൂടി ഇത്തവണ ക്യാമ്പിൽ അവസരം നല്കി. അക്കാദമി അങ്കണത്തിലുള്ള കെ.സി.എസ്. പണിക്കർ സ്മൃതിമണ്ഡപത്തിൽ നടനും സംവിധായകനുമായ മധുപാൽ ക്യാമ്പ് ഉദ്ഘാടനംചെയ്തു. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, കഥാകൃത്ത് അശോകൻ ചെരുവിൽ, അക്കാദമി അംഗം സോംജി എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് അംഗം ബൈജുദേവ് നന്ദി പറഞ്ഞു.
23 വരെ ചിത്രകലാ ക്യാമ്പും ഓഗസ്റ്റ് അഞ്ചുവരെ ശില്പകലാ ക്യാമ്പും നടക്കും. കോണ്ക്രീറ്റ് വിഭാഗത്തിൽ കെ.വി.അബ്ദുൾ കരീം, എ. അജേഷ് കുമാർ, അജി എസ്. ധരൻ, വി.കെ. ഗണേഷൻ, പി.എസ്. ശ്രീരാഗ് എന്നിവരും, ഗ്രാനൈറ്റ് വിഭാഗത്തിൽ പ്രവീണ് പുണിഞ്ചിത്തായ, രാജൻ അരിയല്ലൂർ, ഐ.പി. രഞ്ജിത്, പി.സി. ഷനോജ്, വി.കെ. സൂര്യനാഥ് എന്നിവരും പെയിന്റിംഗ് വിഭാഗത്തിൽ എൻ.പി.അക്ഷയ്, കെ.സി. ബിജിമോൾ, കാഞ്ഞിരംകുളം വിൻസന്റ്, മധു വേണുഗോപാൽ, പ്രസീദ ബിജു, പ്രീതി വിനോദ് ചെല്ലപ്പൻ, രേവതി അലക്സ്, സന്തോഷ് മിത്ര, ഷാജി അപ്പുക്കുട്ടൻ, ശ്രീകാന്ത് നെട്ടൂർ എന്നിവരും പങ്കെടുക്കും. അംഗപരിമിത വിഭാഗത്തിൽ ഗണേഷ് കുഞ്ഞിമംഗലം, പി. ജെസ്ഫർ, സി.എച്ച്. മരിയാത്ത്, ഒ.ജെ. ദിലീപ്, പ്രവീഷ് ചന്ദ്ര, വി. റാം മോഹൻ, എം.വി. രവീന്ദ്രൻ, വി. സജയ്കുമാർ, കെ. വിനീത്, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കൽകി സുബ്രഹ്മണ്യൻ, ശ്രീക്കുട്ടി നമിത, മിഖ, ശ്രീലച്ചു, തൃപ്തി ഷെട്ടി എന്നിവരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ലയം ചിത്രകലാ ക്യാമ്പിനു തുടക്കം
01:06 AM Jul 18, 2019 | Deepika.com