തിരുവനന്തപുരം: എൻജിനിയറിംഗ്, ആർകിടെക്ചർ, ഫാർമസി, അഗ്രികൾച്ചർ, വെറ്ററനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോളജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണ്.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് സംബന്ധമായ വിജ്ഞാപനം പിന്നീടു പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റിൽ പാലക്കാട്, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, കണ്ണൂർ, എംവിആർ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജ്, ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജ് എന്നീ കോളജുകൾക്ക് ആയൂഷ് മന്ത്രാലയത്തിന്റെയും യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിക്കാത്തതിനാൽ ഈ ഘട്ടത്തിൽ അലോട്ട്മെന്റിനു പരിഗണിക്കില്ല.
അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫീസ് (ഉണ്ടെങ്കിൽ) ഇന്നു മുതൽ 20 വരെ ഓണ്‍ലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ചശേഷം 20ന് വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം.
അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് 22നു വൈകുന്നേരം നാലിനു അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം.
ഹോം പേജിൽ ഡാറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്തു ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്തു ഡാറ്റാ ഷീറ്റ് കോളജ് അധികാരികൾക്കു മുന്നിൽ ഹാജരാക്കണം.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടച്ചു പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും.
കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
01:04 AM Jul 18, 2019 | Deepika.com