തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്ത് കെഎസ്യുവിന്റെ വൻ പ്രതിഷേധം. ഇന്നലെ ഉച്ചയോടെ സർവകലാശാല ആസ്ഥാനത്തിന്റെ പ്രധാന ബ്ലോക്കിനു മുകളിൽ കയറി പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിക്കുകയും കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പുറത്താക്കുക, വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കെഎസ്യു പ്രവർത്തകർ വൈസ് ചാൻസലറുമായി ചർച്ച നടത്തിയശേഷമായിരുന്നു ഉപരോധ സമരത്തിലേക്കു കടന്നത്. ഉപരോധത്തിന്റെ ഭാഗമായി ഉന്നയിച്ച ആവശ്യങ്ങൾ വിസി അംഗീകരിച്ചില്ല. വൈസ് ചാൻസലറെ ഉപരോധിച്ച ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പ്പാടി, നേതാക്കളായ ബാഹുൽ കൃഷ്ണ, നിഥിൻ തുടങ്ങിയവരെ പാലീസ് അറസ്റ്റ് ചെയ്തു നീക്കി.
വി സിയെ കെഎസ്യു ഉപരോധിച്ചു
01:01 AM Jul 17, 2019 | Deepika.com