വൈക്കം: സുഹൃത്തുക്കൾക്കൊപ്പം മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടക്കൊച്ചി കൊടിപ്പറന്പിൽ ജോർജിന്റെ മകൻ ലിബിൻ ജോർജ് (24) ആണ് മരിച്ചത്.
വൈക്കം ഉദയനാപുരം വൈക്കപ്രയാർ ആറ്റുവേലക്കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം.
വൈക്കപ്രയാർ കടത്തുകടവിനു സമീപത്തുള്ള മനശ്രീ ആശ്രമത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണിക്കായി ലിബിൻ ഇന്നലെ എത്തിയതായിരുന്നു. പണി കഴിഞ്ഞ് വൈകുന്നേരം സുഹൃത്തുക്കളായ ഹരീഷ്, നിഷാദ് എന്നിവർക്കൊപ്പം കുളിക്കാനിറങ്ങി. മൂന്നു പേരും പുഴയുടെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടയിൽ ലിബിൻ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് വൈക്കം ഫയർഫോഴ്സും പോലീസും നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടര മണിക്കൂറിനുശേഷം ആറ്റുവേലക്കടവിൽ നിന്നു മൃതദേഹം കണ്ടെടുത്തു. ജെസിയാണ് ലിബിന്റെ അമ്മ. സഹോദൻ ലിജോ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
10:54 PM Jul 16, 2019 | Deepika.com