കൊച്ചി: സംസ്ഥാനത്തെ അംഗീകാരമുള്ള സിബിഎസ്ഇ സ്കൂളുകൾക്കു സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നു കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ സ്കൂൾ കോംപ്ലക്സസ് കേരളയുടെ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഈ വർഷം സംസ്ഥാനത്തെ 1400 ൽപരം വിദ്യാലയങ്ങളെ കോർത്തിണക്കി സംസ്ഥാന സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് നടത്താനും കഴിഞ്ഞ വർഷം പ്രളയം കാരണം ഉപേക്ഷിച്ച സംസ്ഥാന സിബിഎസ്ഇ കലോത്സവം വിപുലമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രിൻസിപ്പൽമാരുടെ കർമശേഷി വർധിപ്പിക്കുന്നതിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലകളിൽ പഠനശിബിരങ്ങൾ നടത്താനും കൊച്ചി പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന കേരളത്തിലെ 23 സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ്കളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ സ്കൂൾ കോംപ്ലക്സസ് കേരളയുടെ വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. ഒക്ടോബറിൽ എറണാകുളത്ത് സംസ്ഥാന സിബിഎസ്ഇ പ്രിൻസിപ്പൽ സമ്മേളനവും മാഗസിൻ അവാർഡ് വിതരണവും സംഘടിപ്പിക്കും.
കോണ്‍ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി മലപ്പുറം മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.എ. ഫ്രാൻസിസാണു ജനറൽ സെക്രട്ടറി. ഇടുക്കി ഗിരിജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു വെട്ടുകല്ലേൽ (ട്രഷറർ), കൊല്ലം കരീപ്പുഴ സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ ഫെഡെറിക് ലിയോണ്‍, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജിൻ ഊന്നുകല്ലേൽ (വൈസ് പ്രസിഡന്റുമാർ), മലപ്പുറം തിരൂർ ബെഞ്ച്മാർക് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജോജി പോൾ, വടകര സംസ്കൃതി സ്കൂൾ പ്രിൻസിപ്പൽ എ.പി. സോമൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണു മറ്റു ഭാരവാഹികൾ.
അനുമതിക്കുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നു സഹോദയ സ്കൂൾ കോണ്‍ഫെഡറേഷൻ
12:09 AM Jul 16, 2019 | Deepika.com