കൊട്ടിയം (കൊല്ലം): കലാലയത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ അതിപ്രസരം കാരണം ലക്ഷ്യം പ്രാപിക്കാൻ എന്തുമാകാമെന്നൊരു പ്രവണത നമ്മുടെ വിദ്യാർഥിസമൂഹത്തിൽ വളർന്നു വരുന്നതായി തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം കൊട്ടിയത്ത് നടത്തിയ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കെആർഎൽസിസിയുടെ മുപ്പത്തിനാലാമത് ജനറൽ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചാണ് പത്രസമ്മേളനം നടത്തിയത്. ഗുരുക്കന്മാർ നൽകുന്ന മാർഗനിർദേശങ്ങളെയും മതമൂല്യങ്ങളെയും അവഗണിച്ചാണ് ഇന്ന് വിദ്യാർഥികൾ മുന്നോട്ടു പോകുന്നത്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ മാതാപിതാക്കൾക്ക് വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.
ഭയന്നു കഴിയേണ്ട അവസ്ഥയാണിന്നുള്ളത്. മക്കളുടെ ആഗ്രഹങ്ങൾക്കൊത്ത് മാതാപിതാക്കൾ നിന്നില്ലെങ്കിൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന പ്രവണത എങ്ങനെയോ വിദ്യാർഥികൾക്കിടയിൽ കടന്നു കയറിയിരിക്കുന്നു. അതു കൊണ്ട് മാതാപിതാക്കൾ അറച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികളെ ആർക്കും സ്വാധീനിക്കാനും എന്തും ചെയ്യിക്കാനുമുള്ള അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. വിദ്യാർഥികളെ വിദ്യാർഥികളായി കരുതി വേണ്ടത്ര അച്ചടക്കത്തോടെ അവരെ നേരായ രീതിയിൽ പരിശീലിപ്പിക്കുന്ന സംവിധാനം രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
സഭയെ തകർക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാൻ കഴിയില്ല. തീരദേശത്തെ പ്രശ്നങ്ങൾക്ക് സ്ഥായിയായ രീതിയിൽ പരിഹാരം കാണുവാൻ സർക്കാരിന് കഴിയുന്നില്ല. എല്ലിൻ കഷണങ്ങളിട്ട് പ്രീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. പോലീസിന്റെ മൂന്നാംമുറ അംഗീകരിക്കാൻ കഴിയില്ല. ഇത് സേനയ്ക്കാകെ മാനക്കേടാണ്. അതിനെ അപലപിക്കാതിരിക്കുവാൻ കഴിയില്ല.
സർക്കാരിന്റെ മദ്യനയത്തോടും യോജിക്കാൻ കഴിയില്ല. സമൂഹത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ താറുമാറാക്കുന്ന നയമാണ് സർക്കാരിന്റേത്. ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടം ജനാധിപത്യത്തെ മലിനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി, ഷാജി ജോർജ്, റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, ആന്റണി ആൽബർട്ട്, സ്മിതാ ബിജോയ്, ആന്റണി നെറോണ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ.സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരയ്ക്കൽ, ഡെലിൻ ഡേവിഡ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കലാലയത്തിൽ എന്തുമാകാമെന്ന പ്രവണത വളരുന്നു: ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം
01:42 AM Jul 15, 2019 | Deepika.com