തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനത്തിനുള്ള മൂന്നു തലങ്ങളിലും സംവരണം ബാധകമാക്കാനുള്ള ഭേദഗതി ചട്ടങ്ങളുടെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
കെഎഎസിൽ നേരത്തെ നേരിട്ടുള്ള നിയമനമായ ഒന്നാം തലത്തിൽ മാത്രമായിരുന്നു സംവരണതത്വം ബാധകമാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണു കെഎഎസ് വിശേഷാൽ ചട്ടഭേദഗതി വരുത്താൻ തീരുമാനിച്ചത്. ബൈ ട്രാൻസ്ഫർ റിക്രൂട്ട്മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളിൽകൂടി സംവരണം ബാധകമാക്കിയത്. തസ്തികമാറ്റത്തിന്റെ രണ്ടുതരം നിയമനങ്ങൾക്കും സാമുദായിക സംവരണം ഏർപ്പെടുത്തുന്നതാണു പ്രധാന ഭേദഗതി.
സംവരണ ആനുകൂല്യമായി വയസിളവും ലഭിക്കും. മൂന്നാം കാറ്റഗറിക്കു വയസിളവിന് അർഹതയുണ്ടാകില്ല. ഒന്നാം ഗസറ്റഡ് ഓഫീസർമാർക്കുള്ളതാണ് ഈ കാറ്റഗറി. ഈ വിഭാഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.
സംവരണ വിഭാഗങ്ങൾക്കുള്ള വയസിളവ് പരമാവധി 50ൽ കൂടരുതെന്നു സംസ്ഥാന സേവനച്ചട്ടത്തിലുണ്ട്. ഇത് ഉറപ്പാക്കുന്ന വിധത്തിലാണു ഭേദഗതി അംഗീകരിച്ചിട്ടുള്ളത്. മറ്റു രണ്ട് കാറ്റഗറികളിലും സംവരണ പ്രകാരമുള്ള വയസിളവു ലഭിക്കും. ഇതോടെ ഇനി കെഎഎസിൽ പിഎസ്സി അപേക്ഷ ക്ഷണിക്കും.
കെഎഎസ്: ഗസറ്റ് വിജ്ഞാപനമായി; പിഎസ്സി അപേക്ഷ ക്ഷണിക്കും
01:33 AM Jul 13, 2019 | Deepika.com