തളിപ്പറമ്പ്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ കണ്ടത് എസ്എഫ്ഐ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമെന്ന് ഉമ്മൻ ചാണ്ടി.
യൂണിവേഴ്സിറ്റി കോളജിൽ ഓഫീസ് പ്രവർത്തിപ്പിച്ച് എസ്എഫ്ഐ ആയുധങ്ങൾ ശേഖരിക്കുകയാണെന്നും ബക്കളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന എസ്എഫ്ഐ അക്രമത്തിന്റെ ഭീകരമായ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വിദ്യാർഥികൾക്കും കേരളത്തിനാകെയും അപമാനമുണ്ടാക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. വിദ്യാർഥിരാഷ്ട്രീയമെന്നാൽ കലാപരാഷ്ട്രീയമല്ല. അത് ജനാധിപത്യത്തിന്റെ പരിശീലനക്കളരിയായി മാറണം. യൂണിവേഴ്സിറ്റി കോളജിൽ മറ്റു സംഘടനകൾക്ക് എസ്എഫ്ഐ പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുകയാണ്.
സ്വന്തം ഘടകകക്ഷിയായ എഐഎസ്എഫിനുപോലും അവിടെ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കലാലയത്തിലെ അക്രമരാഷ്ട്രീയത്തെയാണ് രക്ഷിതാക്കളും പൊതുസമൂഹവും എതിർക്കുന്നത്. അല്ലാതെ വിദ്യാർഥിരാഷ്ട്രീയത്തെയല്ല. ഇപ്പോഴുണ്ടായ തെറ്റ് സിപിഎം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജ് അക്രമം; എസ്എഫ്ഐ രാഷ്ട്രീയത്തിന്റെ വികൃതമുഖം: ഉമ്മൻ ചാണ്ടി
01:12 AM Jul 13, 2019 | Deepika.com