കണ്ണൂർ: പാർത്ഥ കൺവൻഷൻ സെന്റർ ഉടമയായ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിലേക്ക് അസമയങ്ങളിൽ ആറുമാസത്തിനുള്ളിൽ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ ഫോണിലേക്ക് വന്ന ഫോൺ വിളികളേറെയും രാത്രി 11 നും പുലർച്ചെ 1.15 നും ഇടയിലായിരുന്നു. ഒരേ നമ്പറിൽനിന്നുതന്നെയാണ് വിളികൾ വന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങളാണ്. പാർത്ഥ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളർന്ന സാജനെ മറ്റുചില പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് ഇതോടെ അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.
ലൈസൻസ് ലഭിക്കാത്തതും സാമ്പത്തികബുദ്ധിമുട്ടും സാരമായി ബാധിച്ച സാജനെ മറ്റുചില പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് വിവരം. രണ്ടു കോടിയോളം രൂപയുടെ ബാധ്യത സാജനുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ബാങ്ക് ബാലൻസായി പത്തു ലക്ഷത്തോളം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു. ഇതേത്തുടർന്ന് ഒരു ഫ്ളാറ്റും രണ്ടു വാഹനങ്ങളും വിൽക്കാൻ സാജൻ തീരുമാനിച്ചിരുന്നു. ഫ്ളാറ്റ് വാങ്ങാൻ ഒരാൾ എത്തിയെങ്കിലും വിലയുടെ കാര്യത്തിൽ ധാരണയിൽ എത്താനായില്ല. കൂട്ടത്തിലുള്ളവർതന്നെ ഇതിന് പാരവച്ചതായും ആരോപണം ഉയരുന്നുണ്ട്.
മൊഴിയെടുപ്പും ചോദ്യംചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. എന്നാൽ ഐ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നത് കേരളത്തിൽ സാധ്യമല്ലെന്നും ഭീമമായ തുക ചെലവ് വരുമെന്നുമാണ് അന്വേഷണസംഘം നല്കുന്ന വിവരം. ഇതുവരെ നടന്ന അന്വേഷണത്തിൽ ആന്തൂർ നഗരസഭാധ്യക്ഷയ്ക്കെതിരേയോ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരേയോ കേസെടുക്കാൻ തെളിവൊന്നും ലഭിച്ചിട്ടില്ല.
നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമളയ്ക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് ആന്തൂരിൽ പദയാത്ര തുടങ്ങുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നടത്തിയ സമരം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിജെപിയും സമരരംഗത്തിറങ്ങുകയാണ്. സമരം വ്യാപകമാകുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിർദേശം.
പാർത്ഥ: സാജന്റെ സിമ്മിലേക്ക് അസമയത്ത് 2400 വിളികൾ
01:02 AM Jul 12, 2019 | Deepika.com