ഭരണങ്ങാനം: തോമാശ്ലീഹയുടെ പ്രേഷിത തീക്ഷ്ണതയും ചൈതന്യവും ഉൾക്കൊണ്ട് പ്രേഷിത പ്രവർത്തനം നടത്തുന്ന ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡിഎസ്ടി) മിഷനറി സന്യാസിനീ സമൂഹം കത്തോലിക്കാ സഭയുടെ പ്രേഷിത സ്വഭാവത്തിന്റെ മുഖമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എംഎസ്ടി സന്യാസിനീ സമൂഹത്തിന്റെ സുവർണജൂബിലി സമാപനത്തോടനുബന്ധിച്ചു ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന കൃതജ്ഞതാബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പ്രേഷിതസമൂഹം സ്വയം വളരുകയും സഭയെ വളർത്തുകയും ചെയ്യുന്നു. ഒരു എത്തുംപിടിയുമില്ലാത്ത സ്ഥലത്തേക്കു ദൈവത്തിന്റെ വിളി സ്വീകരിച്ച് അബ്രാഹം പോയതുപോലെ ദൈവഹിതം നിറവേറ്റുന്ന പ്രേഷിതദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ഡിഎസ്ടി സിസ്റ്റേഴ്സ്. തോമാ ശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും ത്യാഗമനോഭാവവും പ്രാർഥനാനിഷ്ഠയും മാതൃകയാക്കുന്ന ഡിഎസ്ടിയുടെ പ്രവർത്തനം സഭയ്ക്ക് കൂടുതൽ ശക്തി പകരുന്നതായും കർദിനാൾ പറഞ്ഞു.
ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ജയിംസ് അത്തിക്കളം, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. കൃതജ്ഞതാ ബലിക്കു ശേഷം പാരീഷ് ഹാളിൽ പൊതുസമ്മേളനം കർദിനാൾ ഉദ്ഘാടനം ചെയ്തു.
മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഈശോയാകുന്ന വഴിയിലൂടെ ശരിയായ ട്രാക്കിൽ അരനൂറ്റാണ്ടായി സുവിശേഷവേല ചെയ്യുന്ന സമൂഹമാണ് ഡിഎസ്ടിയെന്നും തോമാശ്ലീഹായുടെ ചൈതന്യം പ്രഘോഷിക്കാൻ അവർക്കു സാധിക്കുന്നുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഇടയ്ക്കുവച്ച് അവസാനിപ്പിക്കുന്ന യാത്രയല്ല ഒരു മിഷനറിയുടേതെന്നും ഈശോയോടൊപ്പം മരിച്ച് നിത്യജീവൻ നേടുന്പോഴാണ് അത് അർഥവത്താകുന്നതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ജയിംസ് അത്തിക്കളം, എംഎസ്ടി ഡയറക്ടർ ജനറാൾ റവ. ഡോ. ആന്റണി പെരുമാനൂർ എംഎസ്ടി, കപ്പൂച്ചിൻ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.ജോസഫ് പുത്തൻപുര, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർ ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ. ജോസഫ് തടത്തിൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, മൂവാറ്റുപുഴ ലിസ്യൂ സെന്റർ ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വാലുമ്മേൽ ഒഡിസി, സിസ്റ്റർ ലിസി വടക്കേചിറയാത്ത് എസ്എബിഎസ്, ജോയി ഏബ്രഹാം, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചൻ പരുന്തുവീട്ടിൽ, സിസ്റ്റർ നീറാ പുതുമന എസ്എൻഡി തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡിഎസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ ജോസ് പൂവത്തോലിൽ സ്വാഗതവും അസിസ്റ്റന്റ് ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം കൃതജ്ഞതയും പറഞ്ഞു. മാർ ജോസഫ് പള്ളിക്കാപറന്പിൽ, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പംകുറ്റി, വിവിധ സന്യാസസഭാ മേലധികാരികൾ, വൈദികർ, സന്യസ്തർ, അല്മായർ, സന്യാസിനീ സഭാംഗങ്ങളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സിസ്റ്റർ ജോസിലിൻ മാന്പള്ളിൽ രചിച്ച ഡിഎസ്ടിയുടെ ചരിത്രപുസ്തകം - കെയ്റോസ് - മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. എംഎസ്ടി ഡയറക്ടർ ജനറൽ ഫാ.ആന്റണി പെരുമാനൂർ ആദ്യപ്രതി ഏറ്റുവാങ്ങി. ധ്യാനചിന്തകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം മാർ സെബാസ്റ്റ്യൻ വടക്കേൽ നിർവഹിച്ചു. ഫാ.അഗസ്റ്റിൻ വാലുമ്മേൽ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. സുവനീർ പ്രകാശനം മാർ ജയിംസ് അത്തിക്കളം നിർവഹിച്ചു. സിസ്റ്റർ മേരി നിറ സുവനീർ ഏറ്റുവാങ്ങി. ഫാ.ജേക്കബ് താഴത്തേൽ രചിച്ച പിതൃഗീതങ്ങൾ എന്ന ഗാനസമാഹാരത്തിന്റെ സിഡി പ്രകാശനം മാർ ജോസഫ് കൊടകല്ലിൽ നിർവഹിച്ചു. ഡിഎസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ പൂവത്തോലിൽ സിഡി ഏറ്റുവാങ്ങി.
ഡിഎസ്ടിയുടെ പ്രവർത്തനം സഭയ്ക്കു കൂടുതൽ ശക്തി പകരും: മാർ ആലഞ്ചേരി
01:12 AM Jul 02, 2019 | Deepika.com