കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും എട്ട് അന്തർദേശീയ സർവകലാശാലകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് അന്തർദേശീയ സമ്മർ യൂണിവേഴ്സിറ്റി സമ്മേളനത്തിനു ഇന്നു തുടക്കം. ’സാമൂഹിക പരിരക്ഷയും ദുർബല ജനവിഭാഗങ്ങളുടെ സുസ്ഥിതിയും’ എന്ന വിഷയത്തിലാണു സെമിനാർ. ആദ്യമായാണ് അന്തർദേശീയ സമ്മർ യൂണിവേഴ്സിറ്റി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ റവ. ഡോ. തോമസ് സി. മാത്യു മുഖ്യാതിഥിയാകും.
സാമൂഹിക പ്രവർത്തനത്തിലെ ഒരു ഹ്രസ്വകാല വിദ്യാഭ്യാസത്തിന്റെ തുടർച്ച എന്ന നിലയിൽ 10 വർഷമായി നടന്നുവരുന്ന സമ്മേളനം, ശാസ്ത്രീയവും സാമൂഹികവും സാംസ്കാരികവുമായ അറിവുകളുടെ പരസ്പര കൈമാറ്റത്തിന്റെ വേദിയാണെന്നു പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് അംഗമായ ഈ കൂട്ടായ്മയിൽ എട്ട് അന്തർദേശീയ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളും പ്രതിനിധികളും പങ്കെടുക്കും. സമ്മേളനം 12ന് സമാപിക്കും.
ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോഗ് (ഹോങ്കോഗ്), യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്ട്സ് (വെസ്റ്റേണ്‍ സ്വിറ്റ്സർലൻഡ്), വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ), ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം (ഇസ്രയേൽ), യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (കാനഡ), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (യുഎസ്എ), ഷഡോഗ് യൂണിവേഴ്സിറ്റി (ചൈന), യൂണിവേഴ്സിറ്റി ഓഫ് ഔഗ (ബുർക്കിന ഫാസോ) എന്നീ സർവകലാശാലകളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷണ വിദ്യാർഥികൾ തുടങ്ങി നാല്പതോളം പ്രതിനിധികൾ പങ്കെടുക്കും.
12ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എംജി സർവകലാശാലയിലെ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ കോർപറേഷൻ ഡയറക്ടർ ഡോ. സജിമോൻ ഏബ്രഹാം മുഖ്യാതിഥിയാകും.
സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ. കെ. ആർ. അനീഷ്, പ്രഫ. അനിൽ ജോണ്‍, ഡോ. കിരണ്‍ തന്പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാജഗിരിയിൽ അന്തർദേശീയ സമ്മർ യൂണിവേഴ്സിറ്റി സമ്മേളനം
12:59 AM Jul 02, 2019 | Deepika.com