കുറവിലങ്ങാട്: എംസി റോഡിൽ സ്കൂട്ടർ പിക്ക്അപ് വാനിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പരിക്കേറ്റ പിതാവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളത്തൂർ മണപ്പുറത്ത് റോണിയാണ് (26) വെന്പള്ളി തെക്കേകവലയിലുണ്ടായ അപകടത്തിൽ മരിച്ചത്.
പിതാവ് വിമുക്തഭടൻ ജോക്കുട്ടി ഫിലിപ്പിനെ(64) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിക്ക് അപ് വാനിലിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വെന്പള്ളിയിലൂടെ കടന്നുപോയ പോലീസ് ജീപ്പിൽ പരിക്കേറ്റവരെ ആശുപത്രിലെത്തിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പോലീസ് ആദ്യം വഴങ്ങിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. തുടർന്ന് ജോക്കുട്ടിയെ ഓട്ടോറിക്ഷയിലും റോണിയെ പോലീസ് ജീപ്പിലും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റോണിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബിഎസ്സി നഴ്സിംഗ് പാസായ റോണി വിദേശത്തേക്കു പോകാനൊരുങ്ങവേയാണ് ദുരന്തം. കളത്തൂർ എടാട്ട് ആലീസാണ് മാതാവ്. റോബി ഏക സഹോദരനാണ്.
വാഹനാപകടത്തിൽ യുവാവ് മരിച്ചു, പിതാവിനു ഗുരുതര പരിക്ക്
01:30 AM Jul 01, 2019 | Deepika.com