ആലുവ: വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ ഉപയോഗിച്ചാൽ പോലീസിന്റെ നിലവിലെ പ്രതിച്ഛായ മാറ്റാനാകുമെന്നു ഗവർണർ പി. സദാശിവം. വിരമിച്ച ഉദ്യോഗസ്ഥരോട് എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ സാധിക്കും. പോലീസിനും ജനങ്ങള്‍ക്കുമിടയില്‍ ഇവർ പാലമാകുന്നതോടെ പോലീസ് സ്റ്റേഷനുകൾ ജനസൗഹാർദമാക്കാനാകുമെന്നും ഗവർണർ പറഞ്ഞു.
പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. റെസിഡന്റ്സ് അസോസിയേഷന്, ജനമൈത്രി പോലീസ് എന്നിവയുമായി സജീവമായി സഹകരിക്കുന്ന വിരമിച്ച പോലീസുകാരുണ്ട്. ഇവർ സഹായത്തിന് എത്തിയാൽ പോലീസിന്റെ ജോലിഭാരം കുറയുകയും മെച്ചപ്പെട്ട സേവനം ജനങ്ങൾക്കു നൽകാനാവുകയും ചെയ്യും.
കേസുകളുടെ വര്‍ധന വലിയൊരു പ്രശ്നമാണ്. സൈബര്‍ കേസുകളില്‍ യുവാക്കൾ കൂടുതലായി അകപ്പെടുന്നത് അറിവില്ലായ്മ മൂലമാണ്. ഇക്കാര്യത്തിൽ ബോധവത്കരണം വേണം. എഫ്ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന തന്റെ വിധിന്യായം പോലീസ് സംവിധാനത്തിൽ നല്ല മാറ്റം വരുത്തിയെന്നും ഗവർണർ പറഞ്ഞു.
റിട്ടയർ ചെയ്ത സേനാംഗങ്ങളുടെ ഡേറ്റാ ബേസ് തയാറാക്കുന്നത് അവസാനഘട്ടത്തിലാണെന്നും പോലീസ് സേനയുടെ വിവിധാവശ്യങ്ങൾക്കു വിരമിച്ചവരുടെ സേവനം ഉപയോഗിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ട്രെയിനിംഗ് നൽകാനാണ് പ്രധാനമായും ഇവരുടെ സേവനം ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നാൽപത് വർഷത്തെ കാലയളവിൽ കൊലപാതക നിരക്ക് പകുതിയോളം കുറയ്ക്കാനായിട്ടുണ്ടെന്നു മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. 1977 ൽ കേരളത്തിൽ രണ്ടരക്കോടി ജനങ്ങൾക്ക് 556 എന്ന നിലയിലായിരുന്നു കൊലപാതക നിരക്കെങ്കിൽ ഇന്നത് 287 ആയി കുറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. ബെന്നി ബഹനാൻ എംപി, സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരന് നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുന്നുകരയിലെ മനോജിനുള്ള വീടിന്റെ താക്കോല്‍ദാനവും ചടങ്ങിൽ നിര്‍വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.
പെൻഷൻ തുകയിൽനിന്ന് ആദായനികുതി ഈടാക്കുന്നത് പിൻവലിക്കണമെന്നു രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം ആവശ്യപ്പെട്ടു. നാലായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
വിരമിച്ച പോലീസുകാരുടെ സേവനം ഉപയോഗിച്ചാൽ പ്രതിച്ഛായ മാറ്റാം: ഗവർണർ
12:11 AM Jun 30, 2019 | Deepika.com