കോഴിക്കോട്: വീടിനു ഭീഷണിയായതിനെതുടർന്ന് മുറിച്ചുമാറ്റിയ തേക്കുമരം ഈർച്ചമില്ലിലെത്തിക്കാൻ പാസ് നിഷേധിച്ച ഡിഎഫ്ഒയുടെ നടപടിയിൽ പ്രതിഷേധിച്ച് വനംവകുപ്പിന്റെ ജില്ലാ ഓഫീസിൽ ആത്മഹത്യാശ്രമം നടത്തിയ കർഷകനെതിരെയും വിവരമറിഞ്ഞെത്തിയ കർഷക നേതാക്കൾക്കെതിരെയും ഡിഎഫ്ഒയുടെ പരാതിയിൽ ക്രിമിനൽ കേസ്.
വനംവകുപ്പ് പീഡിപ്പിച്ചതിൽ മനംനൊന്ത് ഡിഎഫ്ഒ ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ച പേരാമ്പ്ര ചക്കിട്ടപ്പാറ വില്ലേജിലെ മുതുകാട് സ്വദേശി കൊമ്മറ്റത്തിൽ ജോസഫ് എന്ന സണ്ണി( 55), ഇദ്ദേഹത്തെ അനുനയിപ്പിക്കാനെത്തിയ സംയുക്ത കർഷകസമരസമിതി നേതാക്കളായ ജിതേഷ് മുതുകാട്, ജോയി കണ്ണംചിറ, രാജൻ വർക്കി, കണ്ടാലറിയുന്ന ഒരാൾ എന്നിവർക്കെതിരെയാണ് നടക്കാവ് പോലീസ് വ്യാഴാഴ്ച കേസെടുത്തത്. കർഷകനെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന ഡിഎഫ്ഒ കെ.ജയപ്രകാശിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമം 309, 355 വകുപ്പുകൾപ്രകാരം ആത്മഹത്യാശ്രമത്തിന് ജോസഫിനെതിരെയും ഓഫീസിൽ അതിക്രമിച്ചുകടന്ന് പ്രകോപനം സൃഷ്ടിച്ചതിന് ജോസഫടക്കം നാലുപേർക്കെതിരെയുമാണ് കേസ്.
മരിക്കാൻ ശ്രമിച്ച കർഷകനെതിരെ ക്രിമിനൽ കേസ്
01:39 AM Jun 29, 2019 | Deepika.com