നെടുങ്കണ്ടം: പീരുമേട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തിനു രൂപംനൽകി ക്രൈംബ്രാഞ്ച് എഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യുവിന്റെ നേരിട്ടുളള മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്.
ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്സണ് ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. സാബു, ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ സജു വർഗീസ്, എസ്. ജയകുമാർ, എഎസ്ഐമാരായ പി.കെ. അനിരുദ്ധൻ, വി.കെ. അശോകൻ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്.
അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം നൽകാനും ക്രൈംബ്രാഞ്ച് എഡിജിപി നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പോലീസിലെ മറ്റു വിഭാഗങ്ങളിൽനിന്നു കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് റേഞ്ച് ഐജിക്ക് അനുവാദം നൽകിയിട്ടുണ്ട്.
റിമാൻഡ് പ്രതി മരിച്ച സംഭവം: അന്വേഷിക്കാൻ ഏഴംഗ സംഘത്തെ നിയോഗിച്ചു
01:39 AM Jun 29, 2019 | Deepika.com