തിരുവനന്തപുരം:അന്തർ സംസ്ഥാ ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നിരത്തിൽ നിന്നു വിട്ടുനിന്നതോടെ കെഎസ്ആർടിസിക്ക് പ്രതിദിനം ഒൻപതു ലക്ഷം രൂപയുടെ അധികവരുമാനം. സ്ഥിരമായുള്ള 48 സർവീസുകൾക്ക് പുറമേ പ്രതിദിനം 20 അധിക സർവീസുകളാണ് ബംഗളൂരുവിലേക്ക് ആരംഭിച്ചത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 15 സർവീസുകളും ആരംഭിച്ചു.
യാത്രക്കാരുടെ ആവശ്യമനുസരിച്ചാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. സമരത്തെത്തുടർന്നുള്ള പ്രത്യേക സർവീസുകൾ കൂടിയായതോടെയാണ് പ്രതിദിന വരുമാനത്തിൽ വലിയ മാറ്റം വന്നത്.
സമരം നടത്തുന്ന സ്വകാര്യ ബസുടമകളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് സർക്കാർ നിലപാട്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചുള്ള സർവീസ് അനുവദിക്കില്ല. അങ്ങനെ ഓടിയാൽ പിഴ ചുമത്തുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ആവശ്യങ്ങളൊന്നും നേടാതെ സമരം പിൻവലിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സമരം ആരംഭിച്ചത്.
അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം; കെഎസ്ആർടിസിക്ക് അധികവരുമാനം
01:19 AM Jun 29, 2019 | Deepika.com