തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സ്ഥാപകനുമായ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 66 -ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ 15 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും. ഈ വർഷത്തെ പരിപാടികളിൽ മുഖ്യാതിഥിയായി കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ഗാദ് എൽസായദ് ബാവ മുഖ്യാതിഥിയായി പങ്കെടുക്കും. 15ന് നടക്കുന്ന സമൂഹ ബലിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാർമികൻ ആയിരിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദികരും സഹകാർമികരായിരിക്കും.
ജൂലൈ ഒന്നു മുതൽ കബറിൽ രാവിലെ ഒമ്പതു മുതൽ മധ്യസ്ഥ പ്രാർഥനയും വൈകിട്ട് അഞ്ചിന് സമൂഹബലിയും നടക്കും. ഒന്നിന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ് സാമുവേൽ മാർ ഐറേനിയോസ് മുഖ്യ കാർമികത്വം വഹിക്കും.
അഞ്ചിന് വൈകിട്ട് സീറോ മലബാർ ക്രമത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ഏഴിന് വൈകിട്ട് ലത്തീൻ ക്രമത്തിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ് വിൻസന്റ് സാമുവൽ 10-ന് വൈകിട്ട് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, 13-ന് വൈകിട്ട് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവരും തുടർന്നു വരുന്ന ദിവസങ്ങളിൽ റവ.ഡോ.ജോളി കരിന്പിൽ, റവ.ഡോ.തോമസ് പണിക്കർ മൽപാൻ, റവ. ജേക്കബ് ചുണ്ടക്കാട്ട് കോർ എപ്പിസ്കോപ്പാ, റവ.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പാ, റവ. മാത്യു അറന്പൻകുടിയിൽ, റവ. മോണ്.എസ് വർഗീസ്, റവ.ഡോ. കുര്യാക്കോസ് തടത്തിൽ, റവ.ഡോ. ആന്റണി കാക്കനാട്ട്, ബഥനി സുപ്പീരിയർ ജനറൽ റവ.ഡോ.ജോസ് കുരുവിള ഒഐസി എന്നിവർ സമൂഹബലിക്ക് നേതൃത്വം നൽകും. 14ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിനു വിവിധ സ്ഥലങ്ങളിൽനിന്നുള്ള തീർഥാടന പദയാത്രകൾ കബറിൽ എത്തിച്ചേരും തുടർന്ന് ആറിന് ആയിരക്കണക്കിന് തീർഥാടകർ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീർഥാടന പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കും. പ്രധാന പദയാത്ര റാന്നി പെരുന്നാട്ടിൽ നിന്ന് ഒമ്പതിന് ചൊവ്വാഴ്ച രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ ഉദ്ഘാടനം ചെയ്യും. മാവേലിക്കരയിൽനിന്നുള്ള പദയാത്ര ജൂലൈ എട്ടിന് ആരംഭിക്കും. തിരുവല്ല, മാർത്താണ്ഡം, പുത്തൂർ, ഗുഡ്ഗാവ്, പൂന തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള പദയാത്ര പ്രധാന പദയാത്രയോട് ചേരും. ജൂലൈ ഏഴിന് തിരുവനന്തപുരം നഗരത്തിലെ മുപ്പതിലധികം കേന്ദ്രങ്ങളിൽനിന്ന് കബറിങ്കലേക്ക് പദയാത്ര നടക്കും. ജൂലൈ ഒന്നു മുതൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പദയാത്ര നടക്കും 14-നും 15-നും കബറിലെത്തിച്ചേരുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദൈവദാസൻ മാർ ഈവാനിയോസ് ഒാർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ
01:19 AM Jun 29, 2019 | Deepika.com