ദീപിക ഇംപാക്ട്..! അനുവിന് അറിവിന്‍റെ ആകാശത്തേക്ക് പറക്കാം; മുച്ചക്രവാഹനവും പഠനസഹായവുമായി ലയണ്‍സ് ക്ലബ് കോട്ടയം എമിറേറ്റ്‌സ്

07:22 PM Jun 26, 2019 | Deepika.com
തിരുവനന്തപുരം: ഇരുകാലുമില്ലാതെ, അച്ഛന്‍റെ ചുമലിലേറി സ്‌കൂളിലേക്ക് പോയി പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന അമ്പൂരി ചക്കപ്പാറ കോളനിയിലെ അനുവെന്ന ആദിവാസി ബാലനു ഇനി പഠനം തുടരാം. ജന്മനാ ഇരുകാലുകളുമില്ലാതിരുന്ന അനു വൈകല്യങ്ങളോടുപോരാടി വീട്ടിലിരുന്നു പഠിച്ച് പത്താംക്ലാസില്‍ മിന്നും വിജയം നേടിയിരുന്നു. തുടര്‍ന്ന് 2017 -ല്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ പ്രവേശനം നേടിയ അനുവിനു നടക്കാന്‍ കഴിയാത്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കൂട്ടുകാര്‍ ഉപരിപഠനത്തിനായി പോകുമ്പോള്‍ വീടിന്‍റെ വാതില്‍പ്പടിയിലെത്തി അനു കാഴ്ചക്കാരനായി നില്കുമായിരുന്നു.

പഠനത്തില്‍ മിടുക്കനായ ഈ ആദിവാസി ബാലന്‍റെ അവസ്ഥ ദീപിക ദിനപത്രത്തിലൂടെയാണ് പുറംലോകം അറിയുന്നത്. കഴിഞ്ഞ് മേയ് 15 ലെ ദീപിക ദിനപത്രത്തില്‍ 'അറിവിന്‍റെ ആകാശത്തേക്ക് പറക്കാന്‍ കൊതിച്ച് ഇരുകാലുമില്ലാത്ത അനു' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

പിതാവ് തോളില്‍ എടുത്ത് കൊണ്ടുപോയായിരുന്നു പത്താംക്ലാസ് പരീക്ഷ എഴുതിച്ചത്. വീട്ടിലിരുന്ന് പഠിച്ച് മിക്കവിഷയങ്ങളിലും എപ്ലസ് നേട്ടം സ്വന്തമാക്കിയാണ് ഈ ബാലന്‍ വിജയിച്ചത്. അനു പ്ലസ് വണ്‍ എത്തിയപ്പോള്‍ പിതാവ് മണിയന് എല്ലാ ദിവസവും ചുമലിലേറ്റി സ്‌കൂളില്‍ കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യവുമായി. ഇതോടെ പഠനം മുടങ്ങി. മുച്ചക്രവാഹനം ഉണ്ടെങ്കില്‍ അതില്‍ യാത്ര ചെയ്ത് സ്‌കൂളില്‍ പോകാമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അധികൃതര്‍ക്ക് മുന്നിലെത്തിയെങ്കിലും പല വാഗ്ദാനങ്ങള്‍ ലഭിച്ചതല്ലാതെ നടപടികള്‍ ഉണ്ടായില്ല. ഇതോടെ അനുവിനു പഠനവും നിലച്ചു.

ദീപികയിലൂടെ വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ നിരവധിപ്പേര്‍ ഈ ബാലന് തുടര്‍പഠനത്തിനുള്ള സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി. ഒടുവില്‍ ലയണ്‍സ് ക്ലബ് കോട്ടയം എമിറേറ്റ്‌സ് അനുവിനു മുച്ചക്ര വാഹനം നല്കാനുള്ള നടപടിയും തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു . തിങ്കളാഴ്ച വൈകുന്നേരം അമ്പൂരി ചക്കപ്പാറ കോളനിയിലെത്തി ലയണ്‍സ് ക്ലബ് കോട്ടയം എമിറേറ്റ്‌സിന്‍റെ ഭാരവാഹികള്‍ മുച്ചക്രവാഹനം കൈമാറി.

തുടര്‍ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ചില രോഗങ്ങളും അനുവിന്‍റെ കൂടപ്പിറപ്പായിരുന്നു. പ്രാഥമിക ചികിത്സയ്ക്കായി പണവും നല്കിയാണ് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ മടങ്ങിയത്. അനു സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ മാസംതോറും മുച്ചക്രവാഹനത്തിന്‍റെ ഇന്ധനച്ചിലവിനും യൂണിഫോം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും പണം നല്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ തോമസ്, കോട്ടയം എമിറേറ്റ്‌സ് സെക്രട്ടറി അശോക് കുമാര്‍, കാബിനറ്റ് ട്രഷറര്‍ കെ.എസ് മോഹനന്‍പിള്ള, കാബിനറ്റ് സെക്രട്ടറി വിന്നി ഫിലിപ്പ്,അഡ്വൈസര്‍ പി.സി ചാക്കോ എന്നിവര്‍ നേരിട്ടെത്തിയാണ് അനുവിനു മുച്ചക്രവാഹനം കൈമാറിയത്.

തോമസ് വര്‍ഗീസ്