കുമ്പനാട്: നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പുറമറ്റം മാങ്കൂട്ടത്തിൽ പരേതനായ ഭാസ്കരന്റെ മകൻ ജിത്തു എം. ഭാസ്കരനാണ് (21) മരിച്ചത്. ജിത്തുവിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടിന് കുന്പനാട് നാഷണൽ ക്ലബിനു സമീപം നീലവാതുക്കൽ പള്ളിയുടെ സമീപമാണ് അപകടം. ജിത്തു സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുപോയ ജിത്തുവിന്റെ ശിരസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മാതാവ്: സതി ഭാസ്കരൻ. കോയിപ്രം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജിത്തുവിന്റെ പിതാവ് ഭാസ്കരൻ രണ്ടുമാസങ്ങൾക്കു മുന്പാണ് മരിച്ചത്.
ബൈക്കിനു പിന്നിൽ മറ്റൊരു ബൈക്കിടിച്ച് യുവാവ് മരിച്ചു
11:46 PM Jun 25, 2019 | Deepika.com