തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പരിസ്ഥിതി മാധ്യമ പുരസ്കാരം ദീപിക ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പിന്. ദീപിക ദിനപത്രത്തിൽ 2018 മാർച്ച് 19 മുതൽ 24 വരെ തീയതികളിൽ പ്രസിദ്ധീകരിച്ച വിതുമ്പുന്ന വേന്പനാട് എന്ന വാർത്താ പരന്പരയ്ക്കാണ് പുരസ്കാരം. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ദൃശ്യമാധ്യമവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് തൃശൂർ ചാലക്കുടി റിപ്പോർട്ടർ ലാൽകൃഷ്ണൻ അവാർഡിന് അർഹനായി. ജൂലൈ നാലിന് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. പ്രഫ.ഇ കുഞ്ഞികൃഷ്ണൻ, മഞ്ചു വെള്ളായണി, സി.സുനിൽകുമാർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.
രാംനാഥ് ഗോയങ്ക അവാർഡ്, സ്റ്റേറ്റ്സ്മാൻ പുരസ്കാരം, സംസ്ഥാന മാധ്യമ അവാർഡ്, കൊളംബിയർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ജിമ്മി ഫിലിപ്പ് നേടിയിട്ടുണ്ട്. കോട്ടയം ആർപ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ശുഭ. മക്കൾ: അശ്വിൻ ജിമ്മി, അഞ്ജലീന ജിമ്മി ( ഇരുവരും ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് വിദ്യാർഥികൾ).
ജിമ്മി ഫിലിപ്പിന് മാധ്യമ അവാർഡ്
11:09 PM Jun 25, 2019 | Deepika.com