പൂഞ്ഞാർ: കൈക്കരുത്തിലൂടെ ഗിന്നസ് റിക്കാർഡ് കൈപ്പിടിയിലൊതുക്കിയ പൂഞ്ഞാര്‍ കൈപ്പള്ളി സ്വദേശി അബീഷ് പി. ഡൊമിനിക്കിന്റെ കൈക്കരുത്ത് കാമറയില്‍ പതിഞ്ഞു കടല്‍കടക്കുന്നു. ജപ്പാനിലെ ടിവി ടോക്കിയോ ചാനല്‍ സംഘമാണ് അബീഷിന്റെ പ്രകടനങ്ങള്‍ ചിത്രീകരിക്കാനായി വീട്ടിലെത്തിയത്. ആറു മണിക്കൂര്‍ നീണ്ട ചിത്രീകരണമാണ് അബീഷിന്റെ വീട്ടിലും ജിമ്മിലുമായി നടത്തിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം തേങ്ങ മുഷ്ടികൊണ്ടിടിച്ചു തകര്‍ത്താണ് അബീഷ് ഗിന്നസ് റിക്കാര്‍ഡ് നേടിയത്. 100 തേങ്ങകള്‍ ഉപയോഗിച്ചാണ് ഇന്നു ചിത്രീകരണം നടത്തിയത്.
ചാനല്‍ ഡയറക്ടര്‍ ഡെയ്സുകെ ജൊസാവയും കാമറാമാന് കെയ്സൂകെ എന്ഡോയുമാണ് കൈപ്പള്ളിയിലെത്തിയത്. അബീഷിന്റെ പല സാഹസിക പ്രകടനങ്ങളും ചിത്രീകരിച്ചാണ് സംഘം മടങ്ങിയത്. മുന്‍പ് കെഎസ്ആര്‍ടിസി മെക്കാനിക്കായിരുന്ന അബീഷിപ്പോള് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ ഫിസിക്കല്‍ ട്രെയിനറാണ്.
അബീഷിന്റെ കൈക്കരുത്ത് ഇനി ജപ്പാന്‍കാർ കാണും
01:20 AM Jun 25, 2019 | Deepika.com