കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരേ പീഡന പരാതി ഉന്നയിച്ച യുവതിയെ അറിയില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിൽ കുരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം.
കോടിയേരി ബാലകൃഷ്ണൻ അറിഞ്ഞു കൊണ്ടാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നാണ് മലയാളിയും മുംബൈയിലെ അഭിഭാഷകനുമായ കെ.പി. ശ്രീജിത്ത് ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഇക്കാര്യം താന്‍ നേരത്തേ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബിനോയ് പറയുന്നതു മാത്രമാണ് കോടിയേരി വിശ്വസിച്ചിരുന്നതെന്നും ശ്രീജിത്ത് മാധ്യമങ്ങളോടുപറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. മകന് ഇങ്ങനെയൊരു ബന്ധമുള്ളതായി മുന്‍പ് അറിയില്ലായിരുന്നു.
എന്നാൽ, പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന തെറ്റാണെന്നാണ് യുവതിയുമായി മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. യുവതിയെ അറിയില്ലെന്ന കോടിയേരിയുടെ വാദം പൊളിയുന്നതോടെ അണികൾക്കിടയിൽ വിശദീകരണത്തിന് സിപിഎം നേതൃത്വം തയാറാകേണ്ടിവരും. സിപിഎം സംസ്ഥാന നേതൃത്വത്തിന് കോടിയേരി ബാലകൃഷ്ണൻ കൂടുതൽ വിശദീകരണം നല്‍കേണ്ടിയുംവരും.
ജനന സർട്ടിഫിക്കറ്റിലും ബിനോയിയുടെ പേര്
മുംബൈ: ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്നലെ പരിഗണിച്ചില്ല. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി 27 നു ഹർജി പരിഗണിക്കും. അതിനിടെ മുൻകൂർ ജാമ്യം തേടി ബിനോയ് കോടിയേരി കോടതിയെ സമീപിച്ചതോടെ മുംബൈ പോലീസ് അറസ്റ്റിനുള്ള നീക്കം ഉപേക്ഷിച്ചു. ജാമ്യാപേക്ഷ തള്ളിയാൽ ബിനോയ് കീഴടങ്ങാനാണു സാധ്യത.
ഇതിനിടെ ബിനോയ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ യുവതി പുറത്തു വിട്ടു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 ലാണ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2014 ലാണ് യുവതി പാസ്പോര്‍ട്ട് പുതുക്കിയത്. പാസ്പോര്‍ട്ടിന്റെ രേഖകള്‍ അടക്കം യുവതി പോലീസിന് കൈമാറി. 2004ല്‍ എടുത്തിരുന്ന പാസ്പോര്‍ട്ട് പുതിക്കിയപ്പോഴാണ് ബിനോയിയുടെ പേര് ചേര്‍ത്തത്. ഇതിൽ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയ് എന്ന് ചേര്‍ത്തിട്ടുണ്ട്.
അഭിഭാഷകന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി കോടിയേരി
12:55 AM Jun 25, 2019 | Deepika.com