ചെങ്ങന്നൂര്‍: ക്ഷീര കര്‍ഷകനെ ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടവന്‍ പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമന്(55) നെയാണ് ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. പശുക്കച്ചവടക്കാരനായിരുന്നു വിക്രമന്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമിയുടെ ഡല്‍ഹി മധുരവൃന്ദാവന് ആശ്രമത്തിലേയ്ക്കു വെച്ചൂര്‍ പശുവിനെ വാങ്ങാനാണു സ്വാമി വിക്രമനെയും കൂട്ടി ജൂണ്‍ 16ന് ഇവിടെനിന്നു പോയത് എന്നു ബന്ധുക്കള്‍ പറഞ്ഞു. സ്വാമിക്കൊപ്പം കട്ടപ്പനയെത്തി വെച്ചൂര്‍ പശുവിനെയും വാങ്ങി കണ്ടയ്നര്‍ ലോറിയില്‍ സ്വാമിയുടെ കൂടെ പോകുകയായിരുന്നു. വ്യാഴാഴ്ച മകള്‍ വിദ്യ (അര്‍ച്ചന) പിതാവിനെ വിളിക്കുമ്പോള്‍ തങ്ങള്‍ ഡല്‍ഹി-മധുരയിലുള്ള ആശ്രമത്തോട് അടുക്കാറായി എന്നു മകളോടു ഫോണില്‍ പറഞ്ഞു.
പിറ്റേന്നു മകളെ ഫോണില്‍ വിളിച്ച് എന്നെ ഇവിടെ കൊണ്ടുവന്ന സമയം മുതല്‍ മുറിക്കുള്ളില്‍ പൂട്ടി ഇട്ടിരിക്കുകയാണെന്നും കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ആഹാരമോ തരുന്നില്ല. ബാത്ത് റൂമില്‍ പോകാന്‍ കൂടി അനുവദിക്കില്ല, രക്തം ചര്ദിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടു പോകുന്നില്ല. മലമൂത്ര വിസര്‍ജനത്തിനുള്ള സൗകര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നും പറഞ്ഞു. നിരന്തരം പിന്നീട് വിക്രമന് വീട്ടുകാരുമായി ഫോണില്‍ വിളിച്ചു പീഡന വിവരങ്ങള്‍ ധരിപ്പിച്ചതനുസരിച്ച് മകന് അരുണ്‍ നാട്ടില്‍നിന്നു ഞായറാഴ്ച വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോയി. ഡല്‍ഹിയില്‍ ചെന്ന അരുണ്‍ ആശ്രമത്തിലുള്ള അന്തേവാസികളുമായി ഫോണില്‍ സംസാരിച്ചു. അവര്‍ ആശ്രമത്തിലേക്ക് ഇയാളെ കൊണ്ടു പോകാതെ എയര്‍പോര്‍ട്ടിനടുത്തു താമസ സൗകര്യവും മറ്റ് സൗകര്യങ്ങളും ശരിയാക്കിക്കൊടുത്തു. ഞായറാഴ്ച അഞ്ചോടെ അരുണിനെ ഫോണില്‍ വിളിച്ചു പിതാവ് മരിച്ചതായി അറിയിച്ചു. പിതാവിനെ കാണാന്‍ കൂടി അവര്‍ സമ്മതിച്ചില്ല.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ എല്ലാം ചെയ്തു ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്കു വരുകയാണെന്നറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു വിജനമായ സ്ഥലത്ത് അരുണിനെ കൂട്ടിക്കൊണ്ടു പോയ ശേഷം ട്രക്കില്‍ കൊണ്ടുവന്ന മൃതദേഹം മുഖം മാത്രം കാണിച്ചു.അതിനു ശേഷം ബോഡിയില്‍ എന്തൊക്കെയോ ഇന്‍ഞ്ചെക്ഷന്‍ എടുത്തതായി അരുണ്‍ പറഞ്ഞു.
അവിടെനിന്ന് ആംബുലന്‍സിലാണ് മൃതദേഹം എയര്‍പോര്‍ട്ടിലെത്തിച്ചത്. തുടര്‍ന്ന് വിമാനമാര്‍ഗം തിങ്കളാഴ്ച വെളുപ്പിനെ നാട്ടിലെത്തിച്ചു. ബന്ധുക്കള്‍ എത്തി വിവരങ്ങള്‍ അരുണുമായി പങ്കുവച്ചു. വിക്രമന്റെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കാണിച്ച് മക്കളായ വിദ്യ, അരുണ്‍ എന്നിവര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു പരാതി നല്കി. പോലീസ് ഇന്‍ക്വസ്സ്റ്റ് തയ്യാറാക്കി മൃതദേഹം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ഭാര്യ: രമ, മക്കള്‍ അരുണ്‍, വിദ്യ. മരുമകന്: പ്രസന്നകുമാര്‍.
ക്ഷീര കര്‍ഷകനെ ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
11:56 PM Jun 24, 2019 | Deepika.com