തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ സ്വാശ്രയ എൻഎസ്എസ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു ഹയർസെക്കൻഡറി പ്രോഗ്രാം ഓഫീസറുടെ സർക്കുലർ. ഗവണ്മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈ അധ്യയനവർഷം(2019-20) മുതൽ സ്വാശ്രയ എൻഎസ്എസ് യൂണിറ്റുകൾ ആരംഭിക്കാനാണ് അപേക്ഷ ക്ഷണിച്ചത്.
പ്രധാനപ്പെട്ട മാർഗ നിർദേശങ്ങൾ ഇവയാണ്. സർക്കാർ, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന് അപേക്ഷ നൽകാം. യൂണിറ്റ് ലഭിച്ചു കഴിഞ്ഞാൽ കുറഞ്ഞത് അഞ്ചു വർഷം തുടർച്ചയായി പ്രവർത്തിച്ചു കൊള്ളാമെന്ന് പ്രിൻസിപ്പൽ സത്യവാങ്മൂലം സമർപ്പിക്കണം. വിദ്യാലയത്തിന് എൻഎസ്എസ് യൂണിറ്റ് ലഭിച്ചു കഴിഞ്ഞാൽ സാമൂഹിക പ്രതിബദ്ധതയിൽ താത്പര്യമുള്ള അധ്യാപകൻ, അധ്യാപികയെ പ്രോഗ്രാം ഓഫീസറായി ചുമതല ഏൽപ്പിക്കണം. തുടർച്ചയായി മൂന്നുവർഷം സേവനമനുഷ്ഠിക്കണം.
പുതിയ യൂണിറ്റുകളിൽ ആദ്യ വർഷം പ്ലസ് വണ്ണിലെ 50 വിദ്യാർഥികൾക്കു മാത്രമേ എൻഎസ്എസ് യൂണിറ്റിൽ വോളണ്ടിയർ ആയി സേവനം അനുഷ്ഠിക്കാൻ കഴിയുകയുള്ളൂ.. സ്വാശ്രയ എൻഎസ്എസ് യൂണിറ്റുകൾക്കു പ്രവർത്തന ചെലവ് പിടിഎ ഫണ്ട്, സിഎസ്ആർ ഫണ്ട്, പഞ്ചായത്ത്, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങൾ എന്നിവരുടെ സ്പോണ്‍സർഷിപ്പ് തുടങ്ങിയവയിലൂടെ കണ്ടെത്തണം. എൻഎസ്എസിൽ ചേരുന്ന വോളണ്ടിയർമാരിൽനിന്ന് ഒന്നാം വർഷം റെഗുലർ ആക്ടിവിറ്റിക്കായി 250 രൂപയും സ്പെഷൽ ക്യാന്പിനായി 450 രൂപയും രണ്ടാം വർഷ വോളണ്ടിയർമാരിൽനിന്ന് റെഗുലർ ആക്ടിവിറ്റിക്കായി 250 രൂപയും വാങ്ങാം.
ഒരു വിദ്യാലയത്തിൽ ഒരു എൻഎസ്എസ് യൂണിറ്റിൽ കൂടുതൽ അനുവദിക്കില്ല. സാന്പത്തികം ഒഴികെ നിലവിലെ എൻഎസ്എസ് യൂണിറ്റുകൾക്കു ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വാശ്രയ എൻഎസ്എസ് യൂണിറ്റുകൾക്കും ലഭ്യമാകും.
അപേക്ഷകൾ പ്രോഗ്രാം കോ-ഓഡിനേറ്റർ, എൻഎസ്എസ് സെൽ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാ ന്തി നഗർ, തിരുവന ന്തപുരം- 695001 എന്ന വിലാസത്തിൽ 29നു വൈകുന്നേരം അഞ്ചിനു മുന്‍പായി ലഭിക്കണം.
ഹയർസെക്കൻഡറി സ്കൂളുകളിൽ സ്വാശ്രയ എൻഎസ്എസ് യൂണിറ്റുകൾ വരുന്നു
11:56 PM Jun 24, 2019 | Deepika.com