തിരുവനന്തപുരം: മത്സ്യമേഖലാ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മത്സ്യമേഖലാ വിദ്യാർഥിസമിതി (കെഎംവിഎസ്)യുടെ നേതൃത്വത്തിൽ 25-ന് നിയമസഭാ മാർച്ച് നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ച് നിയമസഭയ്ക്കു മുന്നിലെത്തുന്പോൾ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും.
ഹയർസെക്കൻഡറി സ്കൂൾ- കോളജ് തലങ്ങളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്ഥാപനങ്ങളുടെ രീതിക്കനുസരിച്ച് നേരത്തേ ഹോസ്റ്റൽ ഫീസ് നൽകിയിരുന്നു. ഹോസ്റ്റൽ ഫീസ് നിയമവിരുദ്ധമായി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് കെഎംവിഎസ് പ്രസിഡന്റ് സതീഷ് ജോസഫ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി സ്കൂൾ- കോളജ് വിദ്യാർഥികളിൽ നിന്ന് അഡ്മിഷൻ ഫീസ്, പരീക്ഷാ ഫീസ് എന്നിവ ഈടാക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് കൃത്യമായി നടപ്പാക്കുന്നില്ല.സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നടപ്പാക്കുന്നില്ല.
പുതിയതായി ആരംഭിച്ച ഫിഷറീസ് മന്ത്രാലയംവഴി പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്നതുപോലുള്ള ആനുകൂല്യങ്ങൾ നൽകാനായി പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനു നൽകുക, സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നൽകുക, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമസഭാ മാർച്ച് നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ പ്രീതി ഫ്രാങ്ക്ളിൻ, ടോണി ലയോണ്സ്, ഡിക്സൻ ഡേവിഡ്, എസ്. രമ്യ, ഷാജി സ്റ്റെല്ലസ്, സ്നേഹ, സുനിൽ ഡേവിഡ്, വിമൽ ആന്റണി, ഫാ. ഷാജിൻ ജോസ്, ദയയൂസ് പൊന്നയൻ എന്നിവർ പങ്കെടുത്തു.
മത്സ്യമേഖലാ വിദ്യാർഥികളുടെ നിയമസഭാ മാർച്ച് 25ന്
01:08 AM Jun 23, 2019 | Deepika.com