ആലുവ: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ആലുവയിൽ ജില്ലാ കമ്മിറ്റിയോഗം വിളിച്ച് പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ജോസഫ് വിഭാഗത്തിൽപ്പെട്ട ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന പേരിൽ പുറത്താക്കി, സംസ്ഥാന ഉന്നതാധികാര സമിതിയംഗം ബാബു ജോസഫിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷിബു തെക്കുംപുറത്തിന്റെ അഭാവത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതിനിടെ പാർട്ടി ചെയർമാനായി സി.എഫ്. തോമസിനെയും പാർലമെന്ററി പാർട്ടി ലീഡറായി പി.ജെ. ജോസഫിനെയും നിയമിക്കണമെന്ന നിർദേശത്തിന് ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാകമ്മിറ്റി യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കോഴിക്കോട്: ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ ബോഡിയോഗത്തിൽ നിലവിലെ പ്രസിഡന്റ് ടി.എം. ജോസഫിനെ പുറത്താക്കി. സീനിയർ വൈസ് പ്രസിഡന്റ് എ.വി. തോമസ് മാസ്റ്ററെ താത്കാലിക ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു.
എന്നാൽ കേരള കോൺഗ്രസ് എമ്മിൽ സംയമനം വേണം എന്ന് നിരവധി തവണ ആവർത്തിക്കുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ജോസഫ് വിഭാഗത്തിന്റെ കുൽസിത ശ്രമമാണ് കോഴിക്കോട് നടന്ന യോഗമെന്ന് ടി.എം. ജോസഫ് ആരോപിച്ചു.
കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഒരു വിഭാഗത്തിന്റെ യോഗം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയെ പുറത്താക്കി. പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് കുട്ടപ്പൻ നെടുമ്പാലയ്ക്കു ചുമതല നൽകി. ഈ വിവരം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനു റിപ്പോർട്ട് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി അംഗീകരിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു.
കേരള കോൺഗ്രസ്-എമ്മിലെ അധികാരത്തർക്കം ജില്ലകളിലേക്ക്
01:23 AM Jun 21, 2019 | Deepika.com