തൃശൂർ: പ്രമുഖ കീബോർഡ് വാദകനും അക്കോർഡിയനിസ്റ്റുമായ പി.ഡി. ഫ്രാൻസിസ്(65) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് തൃശൂർ ദയ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ജി. ദേവരാജന്റെ ഓർക്കസ്ട്ര സംഘത്തിൽ അംഗമായിരുന്ന പി.ഡി. ഫ്രാൻസിസ് നിരവധി ഗാനങ്ങളുടെ റിക്കാർഡിംഗിൽ അദ്ദേഹത്തിന്റെ സഹായിയായി.
ശ്യാം, മോഹൻ സിത്താര, ബോളിവുഡ് ഡ്രമ്മർ ബബ്ല തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ നിരവധി ആൽബങ്ങളിൽ കീബോർഡ് വായിച്ചതു ഫ്രാൻസിസാണ്. നാലുവർഷം തരംഗിണിയിൽ പ്രവർത്തിച്ചു.
എം.എസ്. വിശ്വനാഥൻ, വി. ദക്ഷിണാമൂർത്തി, ടി.എം. സൗന്ദരരാജൻ, പി. സുശീല, പി. ജയചന്ദ്രൻ, മാധുരി, എസ്. ജാനകി, കൃഷ്ണചന്ദ്രൻ തുടങ്ങിയ ഗായകർക്കൊപ്പം നിരവധി ഗാനമേളകളിൽ കീബോർഡ് വായിച്ചു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പൂമല പള്ളിയിൽ. ഭാര്യ: ജയ. മക്കൾ: കോളിൻ, കരോളിൻ. മരുമക്കൾ: ഗോൾഡിൻ, ബിജോയ്. തൃശൂരിലെ പ്രശസ്ത സംഗീത കുടുംബത്തിലെ അംഗമാണ് ഫ്രാൻസിസ്.
സഹോദരങ്ങൾ: പി.ഡി. പോൾ, മേരി, പി.ഡി. ഈനാശു, ആനി, ഫിലോമിന, പി.ഡി. തോമസ്, പി.ഡി. ജേക്കബ്, പി.ഡി. ജോർജ്, പി.ഡി. ജോസഫ്.
അക്കോർഡിയനിസ്റ്റ് പി.ഡി. ഫ്രാൻസിസ് അന്തരിച്ചു
12:48 AM Jun 21, 2019 | Deepika.com