കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത കോട്ടയം നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ആരോഗ്യവിഭാഗം സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
എം.ജി സര്‍വകലാശാല കലോത്സവ ബോര്‍ഡുകള്‍ നീക്കിയതിനെ ചോദ്യം ചെയ്ത് ഫെബ്രുവരി 27 ന് രാത്രി ഒമ്പതോടെ സര്‍വകലാശാല യൂണിയന് നേതാക്കളെന്ന് അവകാശപ്പെട്ട് എട്ടുപേര്‍ തന്റെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറി ഒരു മണിക്കൂര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടിലെത്തിയ ആരോഗ്യവകുപ്പിലെ രാത്രികാല സ്ക്വാഡ് അംഗങ്ങളെ മര്‍ദിച്ചെന്നുമാണ് കോട്ടയം നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫിയുടെ പരാതി.
പിന്നീട് ഇവര്‍ നഗരസഭാ വളപ്പില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകള്‍ ബലം പ്രയോഗിച്ച് തിരിച്ചെടുത്ത് നഗരത്തില്‍ സ്ഥാപിച്ചെന്നും ഷാഫി ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നല്കിയ കത്തില്‍ പറഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബോധിപ്പിച്ചിരുന്നു.
നഗരസഭാ സെക്രട്ടറിയെ തടഞ്ഞ സംഭവം : കോട്ടയം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം: ഹൈക്കോടതി
12:43 AM Jun 20, 2019 | Deepika.com