തിരുവനന്തപുരം: അടുത്ത വർഷം മുതൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നു മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു. ത്രിവത്സര, പഞ്ചവത്സര എൽഎൽബി പരീക്ഷകൾ ഓണ്‍ലൈനായി നടത്തിയിരുന്നു. എല്ലാ പരീക്ഷകളും ഓണ്‍ലൈനിലേക്കു മാറിക്കൊണ്ടിരിക്കുന്പോൾ നമുക്ക് ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ 18 എയിഡഡ് കോളജുകൾക്കും ഒരു സർക്കാർ കോളജിനും സ്വയംഭരണാവകാശമുണ്ട്. കഴിഞ്ഞ അധ്യയന വർഷം പുതിയ 10 കോളജുകൾ ആരംഭിച്ചു. ആറെണ്ണം സർക്കാർ കോളജുകളും നാലെണ്ണം എയ്ഡഡുമാണ്. 2018-19ൽ എംഫിൽ അടക്കം 56 വിവിധ കോഴ്സുകൾ അനുവദിച്ചു. കേരള സാങ്കേതിക സർകലാശാല നിലവിൽവന്നശേഷം എൻജിനിയറിംഗ് വിദ്യാഭ്യാസ രംഗത്തു മാറ്റങ്ങൾ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി ജലീൽ പറഞ്ഞു.
എൻജിനിയറിംഗിന്റെ പാസ് ക്രെഡിറ്റ് 182 ൽ നിന്ന് 162 ആക്കി. മിനിമം മാർക്ക് 45 ൽ നിന്ന് 40 ആക്കി. ഒരു സെമസ്റ്ററിൽ ആറു മൊഡ്യൂൾ എന്നത് അഞ്ച് ആക്കാനും 7, 8 സെമസ്റ്ററിൽ ഇന്റേണ്‍ഷിപ്പ് ക്രെഡിറ്റ് 15 ആക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികളോടു മാനേജ്മെന്റുകൾ പ്രതികാര നടപടികൾ സ്വീകരിക്കുന്നതിനാൽ ഇന്റേണലിനുള്ള മിനിമം മാർക്ക് ഒഴിവാക്കി. കലാകായിക മികവിനു ഗ്രേസ് മാർക്ക് ഏർപ്പെടുത്തും. പ്രാക്ടിക്കൽ പരീക്ഷകൾ കോളജ് തലത്തിൽ നിന്നു യൂണിവേഴ്സിറ്റി തലത്തിലേക്കു മാറ്റും.
ഇനി മുതൽ മൂന്ന് എൻജിനിയറിംഗ് ബിരുദങ്ങളാണു നൽകാൻ ഉദേശിക്കുന്നത്. ബി ടെക് ഓണേഴ്സ്, ബി ടെക് മൈനർ, ബിടെക് എന്നിങ്ങനെയാണത്.
അവസാന രണ്ടു വർഷത്തെ സെമസ്റ്ററുകളിൽ കുറഞ്ഞതു മൂന്നു വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓണ്‍ലൈൻ വഴി കുറഞ്ഞതു രണ്ടു വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്ന കുട്ടികൾക്കു ബിടെക് ഡിഗ്രിക്ക് പകരം ബിടെക് ഓണേഴസും കരസ്ഥമാക്കാം.
സർവകലാശാലകളിലേയും കോളജുകളിലേയും ബിരുദ ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകൾ നിശ്ചിത എണ്ണമായി ഏകീകരിക്കും. പിജി സയൻസ്-16, പിജി ആർട്സ് ആന്‍ഡ് കോമേഴ്സ് -20, യുജി സയൻസ്-40, യുജി ആർട്സ് ആന്‍ഡ് കോമേഴ്സ്-60 എന്നിങ്ങനെയാണ് ഘടന. 2020-21 അധ്യയനവർഷം മുതൽ തിയറി കുറച്ച് ഏതെങ്കിലും തൊഴിലിൽ നൈപുണ്യം നൽകുന്ന ബി വോക് കോഴ്സ് ആരംഭിക്കും. വിശദമായ പഠനങ്ങൾക്ക് ശേഷമേ ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ആർ.രാമചന്ദ്രൻ, ഇ.കെ.വിജയൻ, ഗീതാ ഗോപി, വി.ആർ.സുനിൽകുമാർ, ഡോ.എൻ.ജയരാജ്, പി.ടി.എ. റഹിം, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി കെ.ടി.ജലീൽ.
എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഓണ്ലൈനാക്കുന്നതു പരിഗണനയിൽ
12:32 AM Jun 20, 2019 | Deepika.com