തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരാണ്? ആർ. ബാലകൃഷ്ണപിള്ളയോ അതോ മാത്യു ടി. തോമസോ? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു മാത്യു ടി. തോമസ് സ്പീക്കർക്കു കത്തു നൽകി. 2019 മാർച്ചിൽ നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഒന്നു മുതൽ 14 വരെ നിയമസഭകളുടെ ചരിത്രം പറയുന്ന ഹൂസ് ഈസ് ദി ഫസ്റ്റ് ടു ഫോർട്ടീൻത് കേരള ലെജിസ്ലേച്ചർ എന്ന പുസ്തകത്തിൽ ആർ. ബാലകൃഷ്ണപിള്ളയുടെ പേരാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗമായി രേഖപ്പെടുത്തിയത്.
1934 ഏപ്രിൽ ഏഴാണു ബാലകൃഷ്ണപിള്ളയുടെ ജനനത്തീയതിയെന്ന് ഇതേ പുസ്തകത്തിലുണ്ട്. 1960 ഫെബ്രുവരി 22നു രണ്ടാം നിയമസഭ നിലവിൽ വരുമ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 25 വയസും 10 മാസവും 15 ദിവസവുമാണു പ്രായമുണ്ടായിരുന്നത്. തന്റെ ജനനത്തീയതി 1961 സെപ്റ്റംബർ 27 ആണ്.താൻ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എട്ടാം നിയമസഭ നിലവിൽ വന്നത് 1987 മാർച്ച് 25നാണ്. അന്നു തനിക്ക് 25 വയസും ആറു മാസവും മാത്രമേയുള്ളു. ഈ സാഹചര്യത്തിൽ രേഖകളുടെ സൂക്ഷ്മപരിശോധന നടത്തി തെറ്റു തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മാത്യു ടി.തോമസിന്റെ കത്തിൽ പറയുന്നു.
നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം: വ്യക്തത തേടി മാത്യു ടി. തോമസ്
12:32 AM Jun 20, 2019 | Deepika.com