തിരുവനന്തപുരം: മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണറേറ്റ് രൂപീകരിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തീരുമാനിച്ചെങ്കിലും വിവിധ വിഭാഗങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്നാണു നടപ്പാക്കാതിരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കാപ്പ ഒഴികെയുള്ള മജിസ്റ്റീരിയൽ അധികാരത്തോടെ മെട്രോപൊളിറ്റൻ കമ്മീഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി പോലീസ് ആക്ടിൽ ഭേദഗതി ആദ്യം കൊണ്ടുവന്നത് വി.എസ് സർക്കാരിന്റെ കാലത്തു കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കേയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പരിഷ്കരണം അരാജകത്വം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.
താൻ ആഭ്യന്തര മന്ത്രിയായിരിക്കേ ഇതു സംബന്ധിച്ചു ചില തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും തർക്കം തീർക്കാൻ കഴിയാത്തതിനെത്തുടർന്ന് ഒഴിവാക്കേണ്ടി വന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തർക്കം നിലനിൽക്കേ ഇതു സംബന്ധിച്ച ഉത്തരവ് രാത്രിയിൽ എന്തിനാണു മുഖ്യമന്ത്രി പുറത്തിറക്കിയതെന്നു തിരുവഞ്ചൂർ ചോദിച്ചു.
കമ്മീഷണറേറ്റ് നടപ്പാക്കാതിരുന്നത് എതിർപ്പിനെ തുടർന്ന്: ചെന്നിത്തല
01:35 AM Jun 19, 2019 | Deepika.com