കൊച്ചി: പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ 2016-2017 വര്‍ഷത്തില്‍ പ്രവേശനം നേടിയ 149 വിദ്യാര്‍ഥികളെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കു മാറ്റുന്നതിനായി 20നു തിരുവനന്തപുരത്തു യോഗം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് യോഗം തുടങ്ങും. 149 വിദ്യാര്‍ഥികള്‍ക്കും മറ്റു കോളജുകളില്‍ പ്രവേശനം ലഭിക്കാനാവശ്യമായ രേഖകളുമായി കേരള മെഡിക്കല്‍ കോളജ് അധികൃതരും കുട്ടികളും അന്നേദിവസം ഹാജരാകണമെന്നും ആരോഗ്യ സര്‍വകലാശാല അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എംഇഎസ്, വെഞ്ഞാറമ്മൂട് ശ്രീഗോകുലം, കാരക്കോണം മെഡിക്കല്‍ കോളജ്, എറണാകുളം മാഞ്ഞാലി ശ്രീനാരായണ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം എസ്യുടി അക്കാഡമി, വയനാട് ഡിഎം മെഡിക്കല്‍ കോളജ്, കോഴിക്കോട് മുക്കം കെഎംസിടി, കോഴിക്കോട് അത്തോളി മലബാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കാണ് വിദ്യാര്‍ഥികളെ മാറ്റുന്നത്. മാറുന്ന വിദ്യാര്‍ഥികളില്‍നിന്നു കോളജിനു പണം ലഭിക്കാനുണ്ടെങ്കില്‍ തുല്യ തുകയ്ക്കുള്ള ബോണ്ട് കെട്ടിവയ്ക്കണമെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു വിദ്യാര്‍ഥികളുടെ രേഖകള്‍ കോളജ് വിട്ടു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ സൗകര്യങ്ങളില്ലാത്ത പാലക്കാട് ചെര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളജിലെ 149 വിദ്യാര്‍ത്ഥികളെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കു മാറ്റുന്നതിനു കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അനുമതി നല്‍കിയിരുന്നു.
കോളജ് മാറ്റം: ജൂണ്‍ 20 ലെ യോഗത്തില്‍ രേഖകള്‍ ഹാജരാക്കണമെന്നു കോടതി
12:56 AM Jun 19, 2019 | Deepika.com