തൊടുപുഴ: കോട്ടയത്തു നടന്ന കേരള കോണ്ഗ്രസ്-എം ചെയർമാൻ തെരഞ്ഞെടുപ്പ് തൊടുപുഴ മുട്ടം മുൻസിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളായ ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ ഇന്നലെ നൽകിയ ഹർജിയിലാണ് നടപടി.
സംസ്ഥാന സമിതിയംഗങ്ങളായ തങ്ങളെ നിയമപ്രകാരം നോട്ടീസ് മുഖേന ചെയർമാൻ തെരഞ്ഞെടുപ്പു വിവരം അറിയിച്ചിട്ടില്ല, സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ള ആളല്ല യോഗം വിളിച്ചത്, ചെയർമാൻ തെരഞ്ഞെടുപ്പ് നിയമപരമായി നില നിൽക്കുന്നതല്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസ്, തെരഞ്ഞെടുപ്പ് നടപടി ഒരു മാസത്തേ ക്കു സ്റ്റേ ചെയ്തു.
ചെയർമാൻപദവിയും അധികാരവും ഉപയോഗിക്കാൻ ജോസ് കെ. മാണിയെ അനുവദിക്കരുത്, ചെയർമാനായി താൻ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണിച്ചു ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകാൻ പാടില്ല, യോഗം വിളിക്കാനോ ആർക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാനോ പാടില്ല തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു.
കേരള കോണ്-എം ചെയർമാൻ തെരഞ്ഞെടുപ്പിനു കോടതി സ്റ്റേ
01:55 AM Jun 18, 2019 | Deepika.com