തിരുവനന്തപുരം: പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കുന്നകാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പാറക്കൽ അബ്ദുള്ളയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കുടിവെള്ളം വിതരണം
തിരുവനന്തപുരം : 2024 ഓടെ ഗ്രാമീണ മേഖലയിലെ 100 ശതമാനം വീടുകളിലും പൈപ്പുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയുടെ സഹായത്തോടെയാണിത്. 2018-19 സാന്പത്തിക വർഷത്തിൽ വെള്ളക്കരം ഇനത്തിൽ 545.38 കോടിയും തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് 88.60 കോടിയും പിരിച്ചെടുത്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജല കോണ്ഗ്രസ് സംഘടിപ്പിക്കും.
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജലഅഥോറിറ്റി പുനഃസംഘടിപ്പിക്കും. ജലഅഥോറിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബംഗളൂരു ഐഐഎം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. ഡോ:സുശീൽ ഖന്നയെ വാട്ടർ അഥോറിറ്റി പുനഃസംഘടിപ്പിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കണ്സൾട്ടന്റായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
പ്രതിവർഷം ഇരുപതിലധികം പേർ വന്യജീവി ആക്രമണത്തിൽ കൊലപ്പെടുന്നു
തിരുവനന്തപുരം : പ്രതിവർഷം ഇരുപതിലധികംപേർ വന്യജീവി ആക്രമണത്തിൽ കൊലപ്പെടുന്നതായി മന്ത്രി കെ.രാജു നിയമഭയിൽ അറിയിച്ചു. നിരവധി പേർക്കു പരിക്കേൽക്കുകയും വൻതോതിൽ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ഉബൈദുല്ല, പി.കെ അബ്ദുറബ്, എൻ.എ.നെല്ലിക്കുന്ന്, സി. മമ്മൂട്ടി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രാജു.
പാതിവഴിയിൽ എൻജിനിയറിംഗ് പഠനം ഉപേക്ഷിച്ചതു 7868 വിദ്യാർഥികൾ
തിരുവനന്തപുരം: 2015 മുതൽ 2019 വരെ 7868 വിദ്യാർഥികൾ പാതിവഴിയിൽ എൻജിനിയറിംഗ് പഠനം ഉപേക്ഷിച്ചു പോയതായി മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു. 2016-17 ൽ മാത്രം 3474 പേരാണു പഠനം ഉപേക്ഷിച്ചത്. അടിസ്ഥാന വിഷയങ്ങളിൽ പ്രാവീണ്യം ഇല്ലാതെ എൻജിനിയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതു കാരണം അധ്യാപന പരിചയവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന അഭിരുചിയുമുള്ള അധ്യാപകരുടെ അഭാവം പഠന നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി ജലീൽ.
സംസ്ഥാനത്ത് 613 വൃദ്ധസദനങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് 613 വൃദ്ധ സദനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ അറിയിച്ചു. ഇതിൽ സർക്കാർ വൃദ്ധ സദനങ്ങൾ 16 എണ്ണവും ഓർഫണേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവ 597 എണ്ണവുമാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ഓർഫണേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ 1920 അനാഥാലയങ്ങൾ സംസ്ഥാനത്തുണ്ട്. സാമൂഹ്യ നീതി വകുപ്പിനും ഓർഫണേജ് കണ്ട്രോൾ ബോർഡിനുമാണ് ഇതിന്റെ നിയന്ത്രണ അധികാരമെന്നും ഒ.ആർ.കേളുവിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
പോക്സോ കേസുകൾക്കു പ്രത്യേക കോടതികൾ പരിഗണനയിലെന്നു മുഖ്യമന്ത്രി
01:31 AM Jun 18, 2019 | Deepika.com