കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘം നല്കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശേരി സെഷന്‍സ് കോടതിയിലുള്ള കേസിന്റെ ഫയലുകളും രേഖകളും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റാനും ഉത്തരവില്‍ പറയുന്നു.
2012 ഫെബ്രുവരി 20 നായിരുന്നു സംഭവം. ടി.വി. രാജേഷ് എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനു പകരമായി യൂത്ത് ലീഗ് പ്രവര്ത്തകന് ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ കണ്ണപുരം പോലീസ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഷുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചന പോലീസ് അന്വേഷിച്ചില്ലെന്നും ടി.വി. രാജേഷ് എംഎല്‍എ, പി. ജയരാജന് എന്നിവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ പി.സി. ആത്തിക്ക നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തുടരന്വേഷണം സിബിഐയ്ക്ക് വിട്ടു.
അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ സംഘം നടപടികള്‍ക്കായി എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ രണ്ടു വിചാരണ പാടില്ലെന്നതിനാല്‍ അനുബന്ധ കുറ്റപത്രം തലശേരി കോടതിയില്‍ നല്കാന് നിര്‍ദേശിച്ചു. എന്നാല്‍ സിബിഐ കുറ്റപത്രം നല്‍കേണ്ടത് എറണാകുളത്തെ സിബിഐ കോടതിയിലാണെന്നു ചൂണ്ടിക്കാട്ടി തലശേരി കോടതി കുറ്റപത്രം മടക്കി. തുടര്‍ന്നാണ് വിചാരണ നടപടികള്‍ എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്.
ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം
01:21 AM Jun 18, 2019 | Deepika.com