കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനരും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് അമ്മ ദേവകി അന്തര്‍ജനം നല്കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
അമ്മയ്ക്ക് 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് ഇന്നലെ ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കണ്ഠരര് മോഹനരര് ഉറപ്പു നല്കി. ഇതു രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.
ശബരിമല മുഖ്യതന്ത്രി ആയിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം.
2018 മേയില്‍ കണ്ഠര് മഹേശ്വരര് മരിച്ചതോടെ മകന് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തെന്നും ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് താനറിയാതെ വിറ്റെന്നും ദേവകി അന്തര്‍ജനത്തിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരില്‍ ബാങ്കിലുണ്ടായിരുന്നു 41.63 ലക്ഷം രൂപ കണ്ഠര് മോഹനരും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് ആരോപണം. 83 വയസുള്ള തനിക്ക് പടികള്‍ കയറിയിറങ്ങാനാവാത്തതിനാല് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ മകനെ ചുമതലപ്പെടുത്തിയിരുന്നെന്നും ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കണ്ഠര് മോഹനരും ഭാര്യയും പണം തട്ടിയെടുത്തെന്ന ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു
01:21 AM Jun 18, 2019 | Deepika.com