കോട്ടയം: ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേർത്ത കേരള കോണ്ഗ്രസ് -എം സംസ്ഥാന സമിതി യോഗം ജോസ് കെ. മാണി എംപിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റർ ഹാളിൽ കേരള കോണ്ഗ്രസ് -എം ഹൈപവർ കമ്മിറ്റിയംഗം കെ.എ. ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്.
എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, നിയുക്ത എംപി തോമസ് ചാഴികാടൻ എന്നിവരും എട്ടു ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടെ 312 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. ആകെ 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്.
ചെയർമാൻ തെരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്റെ അജൻഡ. സംസ്ഥാന കമ്മിറ്റിയിൽ ഉന്നതാധികാര സമിതിയംഗം ഇ.ജെ. ആഗസ്തി, ജോസ് കെ. മാണിയെ ചെയർമാൻ സ്ഥാനത്തേക്കു നിർദേശിച്ചു. തോമസ് ജോസഫ്, പി.കെ. സജീവ്, വഴുതാനത്ത് ബാലചന്ദ്രൻ എന്നിവർ പിന്താങ്ങി. അഡ്വ. കെ. സെഡ്. കുഞ്ചെറിയ റിട്ടേണിംഗ് ഓഫീസറായിരുന്നു.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണിയെ നേതാക്കൾ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് റോഷി അഗസ്റ്റിൻ എംഎൽഎ കെ.എം. മാണി അനുസ്മരണ പ്രസംഗം നടത്തി. ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ ചെയർമാന് ആശംസകൾ നേർന്നു പ്രസംഗിച്ചു.
കെ.എം. മാണി ഒപ്പമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ കഠിനാധ്വാനം ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നതിന്റെ തെളിവാണു വലിയ പ്രവർത്തക പങ്കാളിത്തം. ഇപ്പോൾ കൂടുതലൊന്നും പറയാനില്ല, പിന്നീട് പലതും പറയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിനു ശേഷം ജോസ് കെ. മാണിയെ തുറന്ന ജീപ്പിൽ നഗരത്തിലൂടെ കേന്ദ്ര ഒാഫീസിലേക്ക് ആനയിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ജോസ് കെ. മാണി ചെയർമാന്റെ മുറിയിലെത്തി ചുമതലയേൽക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ കെ.എം. മാണിയുടെ ഛായാചിത്രവും ജോസ് കെ. മാണി അനാച്ഛാദനം ചെയ്തു. തുടർന്നു പാലായിലേക്കു പോയ അദ്ദേഹം കെ.എം. മാണിയുടെ കബറിടത്തിങ്കൽ പുഷ്പാർച്ചന നടത്തി.
പി.ജെ. ജോസഫിനും മോൻസ് ജോസഫിനും പുറമേ ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, ജോയി ഏബ്രഹാം, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി. തോമസ്, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ, വനിതാ കോണ്ഗ്രസ് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ, കെഎസ്സി സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര തുടങ്ങിയവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, തൃശൂർ ജില്ലാ പ്രസിഡന്റ് എം.ടി. തോമസ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ജോബി ജോണ് തുടങ്ങിയവരും യോഗത്തിനെത്തിയില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗത്തിൽ പങ്കെടുത്തു.
കേരള കോൺഗ്രസ്-എം സംസ്ഥാന സമിതിയുടെ പ്രഖ്യാപനം ‘ജോസ് കെ. മാണി ചെയർമാൻ’
01:39 AM Jun 17, 2019 | Deepika.com