തിരുവനന്തപുരം:ബംഗാളിൽ ഡോ ക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു രാജ്യവ്യാപകമായി മെഡിക്കൽ സമരം നടത്തും. ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആശുപത്രികൾ പ്രവർത്തിക്കില്ലെന്ന് ഐഎംഎ അറിയിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ടാണ് സമരം.
കോൽക്കത്തയിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും ആശുപത്രി ആക്രമണങ്ങൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന രീതിയിൽ കേന്ദ്ര നിയമം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി സമരം നടത്തുന്നത്. കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ തുടങ്ങി ഡോക്ടർമാരുടെ സംഘടനകളും സമരപരിപാടികൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. മെഡിക്കൽ വിദ്യാർഥികളും ജൂണിയർ ഡോക്ടർമാരും സമരപരിപാടികളിൽ പങ്കാളികളാകുമെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.എൻ.സുൾഫി അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതൽ 11 വരെ രാജ്ഭവനു മുൻപിൽ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്നു രാജ്യവ്യാപക സമരം: ഐഎംഎ
01:39 AM Jun 17, 2019 | Deepika.com