അടൂര്‍: ശബരിമല ഡ്യൂട്ടിക്കെന്നു പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്നിന്നു പോയ പോലീസുകാരനെ കാണാതായതു പരിഭ്രാന്തി പരത്തി. ഭര്‍ത്താവിനെ കാണാനില്ലെന്നു ഭാര്യയുടെ പരാതി കൂടി ലഭിച്ചതോടെ അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏനാത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദ ഹരിപ്രസാദിനെയാണു കാണാതായത്. ശനിയാഴ്ച രാത്രി 12നാണ് അടൂരിലെ ക്വാട്ടേഴ്സില്നിന്നു പോയതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാതാകുകയും കഴിഞ്ഞ ദിവസം കണ്ടെത്തുകയും ചെയ്തതിനു പിന്നാലെയാണ് അടൂരിലും പോലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമെന്നതു ശ്രദ്ധേയമാണ്.
അന്വേഷണത്തില്‍ ആനന്ദ ഹരിപ്രസാദിനു ശബരിമല ഡ്യൂട്ടിയില്ലായിരുന്നുവെന്നു വ്യക്തമായി. ഇക്കാര്യം ഏനാത്ത് പോലീസും സ്ഥിരീകരിച്ചു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. ജോലി ഭാരം കാരണമുള്ള സമ്മര്‍ദം സഹിക്കാന്‍ വയ്യെന്ന സന്ദേശം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ മൊബൈല്‍ ഫോണിലേക്ക് ആനന്ദ ഹരിപ്രസാദ് അയച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. ഇതിനിടെ, ഇന്നലെ വൈകുന്നേരം ഇയാളുടെ ഭാര്യയുടെ മൊബൈലിലേക്കു വിളി വന്നു. താന്‍ എറണാകുളത്തുണ്ടെന്നായിരുന്നു ഇത്. അന്വേഷണത്തില്‍ ബന്ധുവിന്റെ ഫോണില്‍നിന്നാണ് ഇയാള്‍ വിളിച്ചതെന്നു വ്യക്തമായി. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ആനന്ദ ഹരിപ്രസാദ് ഉള്ളതായി പോലീസും സ്ഥിരീകരിച്ചു.
അടൂരില്‍നിന്നു കാണാതായ പോലീസുകാരന് എറണാകുളത്തുള്ളതായി വിവരം
12:58 AM Jun 17, 2019 | Deepika.com