തിരുവനന്തപുരം: സംസ്ഥാനത്തെ 9941 പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇൻഫ്രസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനും (കൈറ്റ്) സ്കൂളുകളും തമ്മിൽ ധാരണാപത്രം ഒപ്പിടണമെന്ന് സർക്കാർ ഉത്തരവായി.
സ്കൂളുകൾ ഏറ്റെടുത്ത് നടത്തേണ്ട ഉത്തരവാദിത്വങ്ങൾ ധാരണാപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ഹൈടെക് ലാബ് സജ്ജമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ സ്കൂളുകൾ നടത്തണം. കൈറ്റ് ലഭ്യമാക്കുന്ന ലാപ്ടോപ്പ്, പ്രൊജക്ടർ, ശബ്ദസംവിധാനം, ഇന്റർനെറ്റ്, ഡിജിറ്റൽ ഉള്ളടക്കം തുടങ്ങിയവ അധ്യാപകർ ക്ലാസ്റൂം വിനിമയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സ്കൂൾ അധികാരികൾ ഉറപ്പു വരുത്തണം. മുഴുവൻ അധ്യാപകർക്കും ഇതിനുള്ള പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം.
ഓൺലൈൻ സ്റ്റോക്ക് രജിസ്റ്റർ, പരാതി കൃത്യമായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം, സ്കൂളുകളിലെ ഐടി പശ്ചാത്തല സംവിധാനങ്ങൾ, എൽപി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിവിധ വിഭാഗങ്ങൾക്ക് പരസ്പരം പങ്കുവെയ്ക്കാനുള്ള സംവിധാനം തുടങ്ങിയവയും സ്കൂളുകൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.ധാരണാപത്രം അടങ്ങിയ സർക്കാർ ഉത്തരവ് www.kite.kerala.gov.in ൽ ലഭ്യമാണ്.
പ്രൈമറി ഹൈടെക് ലാബ് പദ്ധതി: കൈറ്റും സ്കൂളുകളും തമ്മിൽ ധാരണാപത്രം ഒപ്പിടണം
11:54 PM Jun 15, 2019 | Deepika.com