തിരുവനന്തപുരം: 2019-20 അധ്യയനവർഷം മുതൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം ‘’’’സമന്വയ’’’’ വഴി ഓൺലൈൻ ആയി നിർവഹിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. മാനേജർമാർക്ക് യൂസർ ഐഡി, പാസ്വേഡ് എന്നിവ നൽകുന്നതിനുള്ള വിശദമായ നിർദേശങ്ങൾ എല്ലാവർക്കും നൽകിയിരുന്നു. മാനേജ്മെന്റ് തർക്കം മൂലമോ മറ്റു കാരണങ്ങളാലോ നിയമനാംഗീകാരമില്ലാതെ തുടരുന്ന മാനേജർമാർക്ക് യൂസർ ക്രിയേഷൻ നടത്തി നൽകേണ്ടതില്ല. എന്നാൽ, മാനേജരുടെ നിയമനാംഗീകാരത്തിനുള്ള അപേക്ഷ വിദ്യാഭ്യാസവകുപ്പിന്റെ ഏതെങ്കിലും ഓഫീസിൽ പെന്റിംഗ് ആയുള്ള കേസുകളിൽ അത്തരം മാനേജർമാരോട് നിയമന പ്രൊപ്പോസൽ മുൻകാലത്തെപോലെ യഥാസമയം രേഖാമൂലം സമർപ്പിക്കാൻ നിർദേശിക്കണ്ടതും ഇപ്രകാരം ലഭിക്കുന്ന പ്രൊപ്പോസലുകൾ യൂസർ ഐഡി ലഭിക്കുന്ന മുറയ്ക്ക് സമന്വയ വഴി പുനഃസമർപ്പിക്കാൻ അറിയിച്ചുകൊണ്ട് തിരികെ നൽകേണ്ടതുമാണ്.
മാനേജർക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് യൂസർ ക്രിയേഷൻ നടത്തേണ്ടതും ഓഫീസിൽനിന്ന് തിരികെ നൽകിയ പ്രൊപ്പോസൽ സമന്വയ വഴി പുനഃസമർപ്പിക്കാൻ ആവശ്യപ്പെടേണ്ടതുമാണ്. ഇപ്രകാരം പുനഃസമർപ്പിക്കുന്പോൾ പ്രൊപ്പോസൽ തിരികെ അയച്ച കത്തിന്റെ പകർപ്പുകൂടി മാനേജർ അതിൽ ഉൾപ്പെടുത്തേണ്ടതാണ്.
2. 2019 ജൂൺ ഒന്നു മുതൽ എയ്ഡഡ് സ്കൂളുകളിൽ നടത്തുന്ന നിയമനങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനുള്ള പ്രൊപ്പോസലുകൾ മാനേജർമാർ സമർപ്പിക്കേണ്ടതും അതിന്മേൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ തീരുമാനമെടുക്കേണ്ടതും സമന്വയ വഴി മാത്രമായിരിക്കണം. മുന്പ് നിരസിക്കപ്പെട്ട പ്രൊപ്പോസലുകൾ അനുകൂല അപ്പലേറ്റ് ഉത്തരവുപ്രകാരം ഇനി പുനഃസമർപ്പിക്കപ്പെടുകയാണെങ്കിൽ അതും സമന്വയ വഴി മാത്രമാണ് വിദ്യാഭ്യാസ ഓഫീസർമാർ പരിഗണിക്കേണ്ടത്. നിലവിലുള്ള ചട്ടങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായി നടത്തുന്ന നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ 2019 ജൂൺ 15 മുതൽ മാനേജർമാർക്ക് സമന്വയ വഴി സമർപ്പിക്കാവുന്നതാണ്.
സമന്വയ വഴി അല്ലാതെ ഇതുവരെ ലഭിച്ച അപേക്ഷകൾ ഉടൻതന്നെ മാനേജർക്ക് തിരികെ നൽകേണ്ടതും ആയത് സമന്വയ വഴി ഓൺലൈൻ ആയി സബ്മിറ്റ് ചെയ്യാൻ നിർദേശിക്കേണ്ടതുമാണ്. ഇത്തരത്തിൽ പുനഃസമർപ്പിക്കപ്പെടുന്ന അപേക്ഷ പരിഗണിക്കുന്പോൾ അത് ആദ്യം ഓഫീസിൽ ലഭിച്ച തിയതി സമന്വയ നോട്ടിൽ രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.
3. നിയമനാംഗീകാരത്തിനാവശ്യമായ രേഖകൾ തയാറാക്കി
https://samanwaya.kite.kerala.gov.in എന്ന വെബ്സൈറ്റിൽ അതത് വിദ്യാഭ്യാസ ഓഫീസിൽനിന്നു ലഭിച്ച യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് മാനേജർമാർ പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്. നിയമനം സംബന്ധിച്ച എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും (അപ്പോയ്ന്റ്മെന്റ് ഓർഡർ, സിഎസ് സ്റ്റേറ്റ്മെന്റ്, മാനേജരുടെ ഡിക്ലറേഷൻ, നിയമിക്കപ്പെട്ടയാളിന്റെ ഡിക്ലറേഷൻ, സ്വഭാവ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ്) പൂർണരൂപത്തിൽ 1 എംബിയിൽ കവിയാത്ത പിഡിഎഫ് ഫയലാക്കി കംപ്യൂട്ടറിൽ സേവ് ചെയ്തതിനുശേഷം അപ്ലോഡ് ചെയ്ത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക് സബ്മിറ്റ് ചെയ്യണം.
ഏതെങ്കിലും മാനേജർമാർക്ക് നിയമനാംഗീകാര പ്രൊപ്പോസൽ യഥാസമയം സമന്വയ വഴി സമർപ്പിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടാവുകയാണെങ്കിൽ അവരുടെ അപേക്ഷ സമർപ്പിക്കുന്നതിന് അതത് വിദ്യാഭ്യാസ ഓഫീസുകളുടെ സാങ്കേതിക സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി പരിശീലനം സിദ്ധിച്ച ഒരു ജീവനക്കാരനെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ചുമതലപ്പെടുത്തേണ്ടതും അക്കാര്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
4. മാനേജർമാർ ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പിഎയുടെ ഇൻബോക്സിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ടിന്റെ ഇൻബോക്സിലും ആണ് എത്തുന്നത്. ഈ ഉദ്യോഗസ്ഥർ സൈറ്റിൽ പ്രവേശിച്ച് അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട സെക്ഷൻ ക്ലർക്കിനു ഫയൽ അയയ്ക്കുന്നതോടെ ഓഫീസിലെ നടപടികൾ ആരംഭിക്കുകയായി. ഫയലുകളുടെ ആവശ്യത്തിനായി അപേക്ഷകളുടെ പേപ്പർ രൂപത്തിലുള്ള പകർപ്പ് മാനേജരിൽനിന്ന് ആവശ്യപ്പെടുകയുമരുത്. (യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ ഒഴികെ).
5. സമന്വയയിൽ (നിയമനാംഗീകാരം) ഓൺലൈൻ മാത്രമായല്ലാതെ സമർപ്പിക്കപ്പെടുന്നത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാത്രമാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ സമർപ്പിക്കേണ്ടി വരുന്ന നിയമനങ്ങളെ സംബന്ധിച്ച് അവയുടെ സമർപ്പണത്തിനും പരിശോധനയ്ക്കും കൃത്യമായ പരിപാടി തയാറാക്കി ബന്ധപ്പെട്ടവർക്ക് അറിയിപ്പ് നൽകണം.
സമന്വയയിൽ അധ്യാപക, അനധ്യാപകരുടെ നിയമനാംഗീകാരത്തിനുള്ള പ്രൊപ്പോസൽ ലഭിച്ച 15 ദിവസത്തിനുള്ളിലുള്ള ഏതെങ്കിലും ഒന്നോ രണ്ടോ ദിവസം തീരുമാനിച്ച് അന്നേ ദിവസം അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്താൻ മാനേജർക്കും നിയമനം ലഭിച്ച ആളിനും അറിയിപ്പ് നൽകേണ്ടതും അവ കൃത്യമായി പരിശോധിച്ച് വിവരം സമന്വയയിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ തിരകെ നൽകേണ്ടതുമാണ്.
ഏതെങ്കിലും പ്രഥമാധ്യാപക പ്രൊമോഷന്റെ കാര്യത്തിൽ സർട്ടിഫിക്കറ്റ് പരിശോധന ആവശ്യമായി വരുന്നെങ്കിൽ (സർവീസ് ബുക്കിൽ ചേർത്തിട്ടില്ലാത്ത ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് യോഗ്യത മുതലായവ) ആയത് സമന്വയയിൽ പ്രൊപ്പോസൽ ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ നടത്തേണ്ടതാണ്.
സമന്വയയുടെ ആദ്യവർഷമായതിനാലും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെല്ലാം അത് കൂടുതൽ പരിചയപ്പെടേണ്ടതിനാലും 2019 ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ മാനേജർമാർ നടത്തുന്ന നിയമനങ്ങളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 15 നു ശേഷമുള്ള ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാൽ മതിയാകും. (അസൽ സർട്ടിഫിക്കറ്റ് പരിശോധന ആവശ്യമുള്ള പ്രഥമാധ്യാപകരുടേതൊഴികെ).
6. അംഗീകരിക്കപ്പെട്ടതോ നിരസിക്കപ്പെട്ടതോ ആയ ഉത്തരവുകൾ, വിദ്യാഭ്യാസ ഓഫീസർക്ക് ഡിജിറ്റൽ സിഗ്നേച്ചർ സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് മാനേജർമാർക്ക് സമന്വയ ലോഗിൻ വഴി തന്നെ ലഭ്യമാകുന്നതാണ്. ഇപ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ സൗകര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസ ഓഫീസറുടെ ഒപ്പ് രേഖപ്പെടുത്തിയ ഉത്തരവിന്റെ പ്രിന്റൗട്ട് മാനേജർക്ക് ലഭിച്ചു എന്ന വിവരം ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണ്.
7. സമന്വയയുടെ പ്രവർത്തനംം വിശദമാക്കുന്ന യൂസർ ഗൈഡ് മാനേജർമാർക്കും ഉദ്യോഗസ്ഥർക്കും സൈറ്റിൽനിന്നുതന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്കൂൾ മാനേജർമാർക്ക് സമന്വയ സംബന്ധിച്ച് എന്ത് സംശയമുണ്ടായാലും തുടർ പരിശീലനം ആവശ്യമാണെങ്കിലും നോഡൽ ഓഫീസർമാരെയോ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ മാസ്റ്റർ ട്രെയിനർമാരെയോ സമീപിക്കാവുന്നതാണ്. (നോഡൽ ഓഫീസർമാരുടെ മേൽവിലാസവും ഫോൺ നന്പറും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ - www.education.kerala.gov.in - പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമനാംഗീകാരം ‘സമന്വയ’വഴി: മാർഗനിർദേശങ്ങളായി
11:28 PM Jun 15, 2019 | Deepika.com