തലശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന ടൗണ്‍ സിഐ വിശ്വംഭരന്നായര്ക്ക് വധഭീഷണി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വധഭീഷണിയടങ്ങിയ കത്ത് സിഐയുടെ മേല്‍വിലാസത്തില്‍ എത്തിയത്.
‘ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ. ഇത് തലശേരിയാണെന്ന് അറിഞ്ഞുകൂടെ. രണ്ടുപേരെയും നേരില്‍ക്കണ്ട് മാപ്പ് ചോദിക്കുക. അല്ലെങ്കില്‍ കൈയും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ എന്നിങ്ങനെയുള്ള വാക്കുകളും അസഭ്യവുമാണ് കത്തിലുള്ളതെന്നാണ് അറിയുന്നത്. നല്ല കൈയക്ഷരത്തില്‍ വെള്ളക്കടലാസില്‍ എഴുതിയ കത്ത് തലശേരിയില്‍നിന്നു തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും സിഐ നല്കി. കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ, നസീര്‍ വധശ്രമക്കേസിന്റെ അന്വേഷണം കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുന്ന അന്വേഷണസംഘം നസീറിന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്കി. ഏതു മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് തീരുമാനിക്കുന്നതോടെ നസീറിന് സമന്‍സ് നല്‍കുകയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുക.
രാഷ്ട്രീയ അക്രമക്കേസുകളില്‍ അപൂര്‍വമായിട്ടേ പരാതിക്കാരന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്താറുള്ളൂ. എ.എന്‍. ഷംസീർ എംഎല്‍എയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് പരാതിക്കാരന്റെ മൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നുതവണ നസീറില്‍നിന്ന് സിഐയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.
കോടതി ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ട മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന് (26) എന്നിവരെ ചോദ്യംചെയ്യുന്നതും തെളിവെടുപ്പും തുടരുകയാണ്. റോഷനുമായി അന്വേഷണസംഘം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി ഇന്നലെ പുറപ്പെട്ടു.
കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ഹൊസൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തും. സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ പ്രതികളെന്നു സംശയിക്കുന്ന വിപിന്‍ എന്ന ബ്രിട്ടോ, ജിത്തു, മിഥുന് എന്നിവരുടെ മുൻകൂർ ജാമ്യഹർജി തലശേരി ജില്ലാ സെഷൻസ് കോടതി തള്ളി.
സി.ഒ.ടി. നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കുമെന്ന് ഭീഷണി
12:39 AM Jun 15, 2019 | Deepika.com