ലണ്ടൻ: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ എന്തുകൊണ്ടാണ് ആരാധകരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ഇഷ്ടതാരമാകുന്നതെന്നത് കഴിഞ്ഞ ദിവസം വീണ്ടും തെളിയിക്കപ്പെട്ടു. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം വാർണർക്കായിരുന്നു.
പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം തിരിച്ചെത്തിയ വാർണർ സെഞ്ചുറിയിലൂടെ (111 പന്തിൽ 107 റണ്‍സ്) ഓസ്ട്രേലിയയെ ജയത്തിലെത്തിക്കുകയായിരുന്നു. മാൻ ഓഫ് ദ മാച്ച് നേടിയ ശേഷം മൈതാനം വിടുന്നതിനു മുന്‍പ് ബൗണ്ടറി ലൈനിൽ കാത്തുനിന്ന ഒരു കൊച്ച് ആരാധകനു വാർണർ തന്റെ പുരസ്കാരം സമ്മാനിച്ചു. കുട്ടി ആരാധകന് ഈ ലോകകപ്പിൽ ലഭിക്കാവുന്നതിൽവച്ചേറ്റവും വലിയ സമ്മാനമായിരുന്നു അത്.
ഈ ലോകകപ്പിൽ ഒരു ഓസീസ് താരം നേടുന്ന ആദ്യ സെഞ്ചുറിയാണ് വാർണർ സ്വന്തമാക്കിയത്. ഏകദിനത്തിൽ വാർണറിന്റെ 15-ാം സെഞ്ചുറിയാണ്. 2017 സെപ്റ്റംബറിലാണ് വാർണർ അവസാനമായി സെഞ്ചുറി നേടിയത്. സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റണ്‍ വേട്ടയിൽ രണ്ടാം സ്ഥാനത്തും ഓസീസ് ഓപ്പണർ എത്തി.
വേറിട്ട വാർണർ...
02:56 AM Jun 14, 2019 | Deepika.com