കൊച്ചി: കത്തോലിക്കാ അധ്യാപകർ വിശ്വാസസംരക്ഷകരും വിശ്വാസം കൈമാറുന്നവരുമാകണമെന്നു സീറോ മലബാർസഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ സംസ്ഥാനതല ആനിമേറ്റേഴ്സ് സംഗമവും അവാർഡുദാനച്ചടങ്ങും എറണാകുളം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. കെസിഎസ്എൽ സംസ്ഥാനപ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഷെവ. പി.ടി. തോമസ് അവാർഡ് കാഞ്ഞിരപ്പള്ളി രൂപതയിലെ ജോസഫ് പതിപ്പള്ളിക്കും സംസ്ഥാന ആനിമേറ്റർ അവാർഡ് ഇടുക്കി രൂപതയിലെ സിസ്റ്റർ മാഗി സിഎംസിക്കും ബിഷപ് സമ്മാനിച്ചു.
പുതിയ അധ്യയനവർഷത്തെ മാർഗരേഖ, പഠനപുസ്തകമായ ‘വിശുദ്ധി വിരിയുന്ന കൗമാരം’, ഉപപാഠപുസ്തകമായ ‘ഞാൻ റൊമേറോ’ എന്നിവയുടെ പ്രകാശനകർമവും നിർവഹിച്ചു. പഠനഗ്രന്ഥ രചയിതാവ് ഫാ. ഡോ. ബിജി കോയിപ്പള്ളി, കെ.കെ. സോയി എന്നിവർ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്കുശേഷം നടന്ന സെൻട്രൽ കൗണ്‍സിലിൽ പുതിയ പ്രവർത്തനവർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ വർഷത്തെ പരിപാടികൾ വിലയിരുത്തുകയും ചെയ്തു.
സംസ്ഥാന ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ജനറൽ ട്രഷറർ മനോജ് ചാക്കോ വടക്കേമുറി, ചെയർപേഴ്സണ്‍ മരിയ ഷാജി, ജനറൽ സെക്രട്ടറി ഫിലിപ്സ് സിബിച്ചൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
കെസിഎസ്എൽ ആനിമേറ്റർമാർ വിശ്വാസസംരക്ഷകരാകണം: മാർ വാണിയപ്പുരയ്ക്കൽ
12:11 AM Jun 13, 2019 | Deepika.com