മൂന്നാർ: കരീബിയൻ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന "യൂക്കാ ചെടി' മൂന്നാറിൽ പൂവിട്ടു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ യൂക്കാ ചെടിയിൽ അപൂർവമായാണ് പൂ വിരിയാറുള്ളത്. നിലംപറ്റെ നിൽക്കുന്ന ഒരുകൂട്ടം ചെടികളുടെ നടുക്ക് തലയുയർത്തി നിൽക്കുന്ന യൂക്കായുടെ സ്വദേശവും കരീബിയൻ ദ്വീപ്, അമേരിക്ക എന്നിവിടമാണ്.
കരീബിയൻ ദ്വീപുകളിലെ കടൽത്തീരങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലും കണ്ടുവരുന്ന ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിനു സമീപമാണ് പൂവിട്ടുനിൽക്കുന്നത്. കട്ടികൂടിയ ഇലകളോടുകൂടിയ ചെടി വാടാത്ത ചെടികളുടെ ഗണത്തിൽപ്പെടുന്നവയാണ്. ഒരിക്കൽ ശേഖരിച്ചാൽ വേരുകൾക്ക് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ഇലകൾക്കു മുകളിൽ മെഴുകുപോലെ തോന്നിപ്പിക്കുന്ന ഭാഗവും ജലാംശം നഷ്ടപ്പെടാതിരിക്കാൻ കാരണമാണ്. ഇത്തരത്തിൽ മൂന്നുവർഷംവരെ നിലനിൽക്കുവാനുള്ള കഴിവ് ഈ ചെടികൾക്കുണ്ട്.
കരീബിയൻ ദ്വീപ്, അമേരിക്ക എന്നിവയ്ക്കുപുറമേ മെക്സിക്കോ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടുവരാറുണ്ട്. ഏതു കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ള യൂക്കാ ഉഷ്ണമേഖല പ്രദേശങ്ങൾക്കുപുറമേ പുൽമേടുകളിലും മലനിരകളിലും വളരാറുണ്ട്. ഉദ്യാനങ്ങളിൽ അലങ്കാര ചെടിയായും ഇവയെ വളർത്താറുണ്ട്. ഇവയുടെ ഇല മെക്സിക്കോയിലുള്ളവർ ആഹാരമായി ഉപയോഗിക്കാറുണ്ട്.
യൂക്കായ്ക്ക് 42 വിഭാഗങ്ങളും 24 ഉപവിഭാഗങ്ങളുമുണ്ട്. അസ്പറഗാസിയേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെടിയാണ് യൂക്കാ. "യൂക്കാ ഗ്ലോറിയോസാ' എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. "സ്പാനിഷ് ഡാഗർ' എന്നും അറിയപ്പെടുന്നുണ്ട്.
കരീബിയൻ ദ്വീപുകളുടെ "യൂക്കാ' മൂന്നാറിൽ പൂവിട്ടു
01:19 AM Jun 08, 2019 | Deepika.com