ഭരണങ്ങാനം: അഭിനയചാതുരിയും ശാലീനസൗന്ദര്യവും ഒത്തുചേർന്ന മലയാള സിനിമയുടെ "നീലക്കുയിൽ ത്രേസ്യാമ്മ തോമസ് എന്ന മിസ് കുമാരി'യുടെ വേർപാടിന് നാളെ അൻപത് വയസ്. ഭരണങ്ങാനം കൊല്ലംപറന്പിൽ തോമസ് - ഏലിക്കുട്ടി ദന്പതികളുടെ മകളായി 1932 ജൂണ്‍ ഒന്നിനു ജനിച്ചു. മിസ് കുമാരിയായി ഒരു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ നായികയായി തിളങ്ങി. 1969 ജൂണ്‍ ഒന്‍പതിന് 37-ാം വയസിൽ മരണം. കലാരംഗത്ത് പിതാവ് തോമസിനുണ്ടായിരുന്ന ബന്ധങ്ങളാണ് ത്രേസ്യാമ്മയ്ക്കു സിനിമയിലേക്കു വഴിതുറന്നത്.
സ്കൂൾ ഫൈനൽ പാസായ കാലത്ത്, 1949ൽ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ ത്രേസ്യാമ്മ പതിനേഴാം വയസിൽ കാമറയ്ക്കു മുന്നിലെത്തി. 1950ൽ ഉദയായുടെ നല്ലതങ്കയിൽ കുഞ്ചാക്കോയുടെ സഹനിർമ്മാതാവായിരുന്ന കെ.വി. കോശിയാണ് ത്രേസ്യാമ്മയെ ആദ്യമായി "മിസ് കുമാരി' എന്ന പേരിൽ അവതരിപ്പിച്ചത്.
നീലക്കുയിൽ, ഭക്തകുചേല, രണ്ടിടങ്ങഴി, ഹരിശ്ചന്ദ്ര, നല്ല തങ്ക, അവകാശി, ജയിൽപ്പുള്ളി, മന്ത്രവാദി തുടങ്ങി മുടിയനായ പുത്രൻ, സ്നേഹദീപം, ശശിധരൻ, ആനവളർത്തിയ വാനന്പാടി, സ്നാപകയോഹന്നാൻ, ക്രിസ്തുമസ് രാത്രി തുടങ്ങി നാല്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അരക്കില്ലമാണ് അവസാനം അഭിനയിച്ച സിനിമ. മലയാളത്തിലും തമിഴിലുമായി 43 സിനിമകളിൽ അഭിനയിച്ചു.
നവലോകത്തിൽ തിക്കുറിശിയുടെ നായിക ദേവകിയായി മിസ് കുമാരി ഏറെ പെരുമ നേടി. ശശിധരൻ, ചേച്ചി എന്നീ ചിത്രങ്ങളിലും നായികയായി.
1963 ഫെബ്രുവരി ഏഴിനായിരുന്നു എറണാകുളം സ്വദേശി കെമിക്കൽ എൻജിനിയറായിരുന്ന ഹോർമിസ് തളിയത്തുമായുള്ള കുമാരിയുടെ വിവാഹം. വിവാഹ ജീവിതത്തിനുശേഷം മിസ് കുമാരി സിനിമയിൽ സജീവമായിരുന്നില്ല. മൂന്ന് ആണ്മക്കളിൽ തോമസ് തളിയത്ത് കലിഫോർണിയയിൽ സോഫ്റ്റ്വേർ എൻജിനീയറാണ്. ഡോ. ബാബു തളിയത്ത് ഡൽഹി ജെഎൻയുവിൽ പ്രഫസർ. ജോണി തളിയത്ത് ഭരണങ്ങാനത്തും ഏന്തയാറ്റിലും ബിസിസ് നടത്തുന്നു.
മിസ് കുമാരിക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ നായികനായ പ്രേം നസീർ 1984ൽ അമ്മയുടെ സ്മരണാർഥം ഭരണങ്ങാനത്ത് ഒരുക്കിയ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ വന്നിരുന്നതും അമ്മയുടെ പെരുമാറ്റത്തെക്കുറിച്ചും അഭിനയ മികവിനെക്കുറിച്ചും പ്രേംനസീർ സംസാരിച്ചതും മകൻ ജോണി തളിയത്ത് ഓർമിക്കുന്നു. രോഗബാധിതനായിരിക്കെ നടൻ സത്യനെ കാണാൻ എറണാകുളത്തെ ആശുപത്രിയിൽ ഒപ്പം പോയതാണ് മിഴിവോടെ നിൽക്കുന്ന അമ്മയോർമകളിലൊന്ന്: ജോണി തളിയത്ത് ദീപികയോടു പറഞ്ഞു. ജോണിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അമ്മയുടെ മരണം. ഭരണങ്ങാനത്തെ ഒരു ഗ്രാമീണ റോഡ് അനശ്വര അഭിനേത്രിയുടെ ഓർമയ്ക്കായി "മിസ് കുമാരി റോഡ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
മിസ് കുമാരി ഓർമയായിട്ട് നാളെ 50 വർഷം
01:19 AM Jun 08, 2019 | Deepika.com