തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍എസ്ക്യുഎഫ്) നടപ്പാക്കുന്നതില്‍ ഇളവുകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. എന്‍എസ്ക്യുഎഫ് സംസ്ഥാനത്ത് ഇപ്പോള്‍ 101 സ്കൂളുകളിലാണ് നടപ്പാക്കിയിട്ടുള്ളത്.
ബാക്കിയുള്ള സ്കൂളുകളില്‍ നടപ്പാക്കുമ്പോള്‍ വേണ്ട ഇളവുകള്ക്കായാണു കേന്ദ്രത്തെ സമീപിക്കുക. സംസ്ഥാനത്ത് ആകെയുള്ളത് 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണ്. ഇതില്‍ 261 സര്‍ക്കാര്‍ സ്കൂളുകളും128 എയ്ഡഡ് സ്കൂളുകളുമാണ്. എന്‍എസ്ക്യുഎഫ് നടപ്പാക്കുന്നതിന്റെ ഭാഗമായായുള്ള സിലബസുകള്‍ ഉള്‍പ്പെടെയുള്ളവ ഭോപ്പാലിലെ പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷനാണ്(പിഎസ്എസ്സിഐവിഇ) തയാറാക്കുന്നത്.
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിലവിലുള്ള സിലബസ് പരിഗണിച്ച് എന്‍എസ്ക്യുഎഫ് കൂടുതല്‍ സ്കൂളുകള്‍ നടപ്പാക്കാന്‍ ക്രമീകരണം ഒരുക്കണമെന്ന ആവശ്യമാണു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. എന്എസ്ക്യുഎഫിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി തലത്തില്‍ നടപ്പാക്കാവുന്ന ജോബ് റോളുകള്‍ ഏതൊക്കെയെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തു നിലവിലുള്ള ജോബ് റോളുകളില്‍ പരമാവധി എണ്ണം കൂടി സിലബസില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. കുറച്ചു സ്കൂളുകളില്‍ മാത്രം എന്‍എസ്ക്യുഎഫ് നടപ്പാക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകുമെന്ന ആക്ഷേപം ശക്തമായിരുന്നു.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 66 എണ്ണത്തിലായിരുന്നു എന്‍എസ്ക്യുഎഫ് അനുസരിച്ചുള്ള കോഴ്സുകള്‍ നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 35 സ്കൂളുകളിലൂടെ വ്യാപിപ്പിച്ചു. 2020 ഓടെ കേന്ദ്ര സര്‍ക്കാര്‍ ജോലിയ്ക്ക് ഉള്‍പ്പെടെ എന്‍എസ്ക്യുഎഫ് അംഗീകാരം വേണമെന്ന വ്യവസ്ഥയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നേരത്തേ മുന്നോട്ടുവച്ചിരിക്കുന്നത്.
2013 ഡിസംബറില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് പ്രകാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാങ്ങളിലേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്‍എസ്ക്യുഎഫ് അംഗീകൃത കോഴ്സുകള്‍ ആരംഭിക്കണമെന്നാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസിസംബറില് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ 2018 ഓടെ സംസ്ഥാനത്തിൽ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി , ഫിഷറീസ് സ്കൂളുകളില്‍ എന്‍എസ്ക്യുഎഫ് നടപ്പാക്കുമെന്നറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പരമാവധി സ്കൂളുകളില്‍ എന്‍എസ്ക്യുഎഫ് നടപ്പാക്കുന്നതിനായാണ് സംസ്ഥാനം ഇളവുകള്‍ തേടി കേന്ദ്രത്തെ സമീപിക്കുന്നത്.
തോമസ് വര്‍ഗീസ്
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ എന്‍എസ്ക്യുഎഫ് നടപ്പാക്കുന്നതിനു ഇളവുകള്‍ തേടി സംസ്ഥാനം
12:43 AM Jun 03, 2019 | Deepika.com